മാലിന്യസംസ്കരണകേന്ദ്രത്തില്‍ വീണ്ടും സംഘര്‍ഷം; ജീവനക്കാരിയെ പൂട്ടിയിട്ട് ശക്തമായ പ്രതിഷേധം
1450675
Thursday, September 5, 2024 1:56 AM IST
പെരിഞ്ഞനം: പെരിഞ്ഞനം ഗ്രാമപഞ്ചായത്തിന്റെ കനവ് മാലിന്യസംസ്കരണകേന്ദ്രത്തില്‍ വീണ്ടും സംഘര്‍ഷം. ജീവനക്കാരിയെ പൂട്ടിയിട്ട് ജനങ്ങൾ പ്രതിഷേധിച്ചു.
പരിസരമലിനീകരണമുണ്ടാകുന്നുവെന്ന ജനങ്ങളുടെ പരാതിയെത്തുടര്‍ന്ന് താത്കാലികമായി അടച്ചിട്ടിരുന്ന കേന്ദ്രം ഇന്നലെ വീണ്ടും തുറന്നതാണു പ്രശ്നങ്ങള്‍ക്കിടയാക്കിയത്. ഉച്ചയ്ക്ക് 12ന് പെട്ടിഓട്ടോയുമായെത്തി മാലിന്യസംസ്കരണ കേന്ദ്രം തുറന്ന ജീവനക്കാരിയെയാണു നാട്ടുകാര്‍ കേന്ദ്രത്തിനകത്തു പൂട്ടിയിട്ട് പ്രതിഷേധിച്ചത്.
പഞ്ചായത്ത് അധികൃതര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കയ്പമംഗലം പോലീസെത്തിയാണു ജീവനക്കാരിയെ മോചിപ്പിച്ചത്.
അതേസമയം പുറത്തുകിടന്നിരുന്ന പെട്ടിവണ്ടി കേന്ദ്രത്തിനകത്തേക്കു കയറ്റിയിടാന്‍ വേണ്ടിമാത്രമാണു ജീവനക്കാരിയെത്തിയതെന്ന് പഞ്ചായത്ത് അധികൃതര്‍ വിശദീകരിക്കുന്നു. നാട്ടുകാരുടെ സമരത്തെത്തുടര്‍ന്ന് മൂന്നുദിവസം മുമ്പാണ് അധികൃതര്‍ കേന്ദ്രം താത്കാലികായി പൂട്ടിയത്.
ഇവിടെയുള്ള മാലിന്യങ്ങള്‍ നീക്കംചെയ്തശേഷമേ ഇനി തുറക്കൂവെന്നും നേരത്തെ ധാരണയിലെത്തിയിരുന്നു. ഇതിനിടയിൽ വീണ്ടും തുറന്നതാണു സംഘര്‍ഷത്തിനിടയാക്കിയത്.