നിയമങ്ങളും ആചാരങ്ങളും പാലിച്ച് നവ പൂരം: സുരേഷ് ഗോപി
1444932
Thursday, August 15, 2024 1:17 AM IST
തൃശൂര്‍: സുരക്ഷയ്ക്ക് അതീവപ്രാധാന്യം നല്‍കിയും ക്രമീകരണങ്ങൾ പരിഷ്കരിച്ചും ജനസൗഹൃദമാക്കിയും നവ പൂരംനടത്തിപ്പാണു ലക്ഷ്യമെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി കളക്ടറേറ്റില്‍ ചേർന്ന പ്രാഥമിക ആലോചനായോഗത്തിൽ അഭിപ്രായപ്പെട്ടു.
നിലവിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തു പരിഹരിക്കും. നിയമങ്ങള്‍ അനുസരിച്ചും ആചാരങ്ങൾ പാലിച്ചും പൂരംനടത്തിപ്പിനുള്ള പുതിയ രൂപരേഖ ജനുവരിയോടെ തയാറാക്കി കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയലിനു സമര്‍പ്പിക്കും. ഇതിനായി എല്ലാ വിഷയങ്ങളും പരിശോധിച്ചു ക്രോഡീകരിച്ചു സാങ്കേതിക, നിയമവിദഗ്ധരെക്കൂടി ഉള്‍പ്പെടുത്തി യോഗങ്ങള്‍ ചേരും. കോടതി അംഗീകരിക്കുന്ന പുനഃക്രമീകരണം നടപ്പാക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.
വെടിക്കെട്ടു വീക്ഷിക്കാൻ ഏര്‍പ്പെടുത്തിയ ദൂരം, ആന എഴുന്നള്ളിപ്പ്, വിവിധ ചടങ്ങുകള്‍, പോലീസ് നിയന്ത്രണം, ഗതാഗതം, വഴിയോരക്കച്ചവടം തുടങ്ങിയവ സംബന്ധിച്ച് ജില്ലാ ഭരണകൂടം, തിരുവമ്പാടി, പാറമേക്കാവ്, വടക്കുന്നാഥന് ദേവസ്വം ഭാരവാഹികള്‍, വെടിക്കെട്ട് ലൈസന്‍സികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തും. വിവരശേഖരണത്തിന്റെ ഭാഗമായാണു യോഗം ചേർന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. മന്ത്രി കെ. രാജന് ഓണ്‍ലൈനായി പങ്കെടുത്തു.
പി. ബാലചന്ദ്രന് എംഎല്‍എ, ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്, വിവിധ വകുപ്പുമേധാവികൾ, പാറമേക്കാവ്, തിരുവന്പാടി ദേവസ്വം പ്രതിനിധികൾ, വെടിക്കെട്ട് ലൈസന്‍സി സംഘടനാപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.