മികച്ച നൂറിൽ തൃശൂരിൽനിന്ന് മൂന്നു കോളജുകൾ
1444664
Wednesday, August 14, 2024 12:04 AM IST
തൃശൂർ: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗ് പട്ടികയിൽ മികച്ച നൂറു കോളജുകളിൽ സാംസ്കാരിക നഗരിക്കു തിലകക്കുറിയായി മൂന്നു കോളജുകൾ.
തൃശൂർ സെന്റ് തോമസ് കോളജ്, വിമല കോളജ്, ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജുകളാണു യഥാക്രമം 57, 80, 85 റാങ്കുകൾ നേടിയത്. കേരളത്തിലെ 16 കോളജുകളാണ് ആദ്യനൂറിൽ ഇടംപിടിച്ചത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റാങ്കിംഗ് ഫ്രെയിംവർക്കാണു (എൻഐആർഎഫ്) റാങ്കിംഗ് പുറത്തുവിട്ടത്.
എറണാകുളം രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ് (20), തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് (22), എറണാകുളം സെന്റ് തെരേസാസ് കോളജ് (46), കൊച്ചി സേക്രഡ് ഹാർട്ട് കോളജ് (48), തിരുവനന്തപുരം ഗവ. വിമൻസ് കോളജ് (49), എറണാകുളം മഹാരാജാസ് കോളജ് (53), ദേവഗിരി സെന്റ് ജോസഫ്സ് കോളജ് (61), ആലപ്പുഴ ബിഷപ്മൂർ കോളജ് (62), തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് (66), ചങ്ങനാശേരി എസ്ബി കോളജ് (69), കോതമംഗലം മാർ അത്തനേഷ്യസ് കോളജ് (74), പാലക്കാട് ഗവ. വിക്ടോറിയ കോളജ് (84), കോട്ടയം സിഎംഎസ് കോ ളജ് (92) എന്നിവയാണു ആദ്യ നൂറിൽ ഇടം പിടിച്ച കേരളത്തിലെ മറ്റു കോളജുകൾ.
കാർഷിക അനുബന്ധ സർവകലാശാലകളുടെ റാങ്കിംഗിൽ തൃശൂരിലെ കേരള കാർഷിക സർവകലാശാല 16-ാം റാങ്ക് കരസ്ഥമാക്കി.
ഓവറോൾ റാങ്കിംഗ് പട്ടികയിൽ മദ്രാസ് ഐഐടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) തുടർച്ചയായ ആറാംതവണ ഒന്നാംസ്ഥാനം നിലനിർത്തി.
സംസ്ഥാന പൊതുസർവകലാശാലകളുടെ (സ്റ്റേറ്റ് പബ്ലിക് യൂണിവേഴ്സിറ്റി) റാങ്കിംഗ് പട്ടികയിൽ എംജി സർവകലാശാല 11-ാം സ്ഥാനം നേടി. കാലിക്കട്ട് സർവകലാശാലയ്ക്കു 43-ാം സ്ഥാനമാണ്.
കേന്ദ്രസർവകലാശാലകൾ ഉൾപ്പെടെയുള്ള രാജ്യത്തെ മികച്ച സർവകലാശാലകളുടെ ദേശീയറാങ്കിംഗിൽ കേരള സർവകലാശാലയ്ക്ക് 21-ാം സ്ഥാനമാണ്.
കൊച്ചിൻ യൂണിവേഴ്സിറ്റി ഒാഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്)-34, എംജി സർവകലാശാല- 89 സ്ഥാനങ്ങൾ നേടി.
ഈ പട്ടികയിൽ ഐഐഎസ്സി ബംഗളൂരുവാണ് ഒന്നാം സ്ഥാനത്ത്. ഡൽഹിയിലെ ജവാഹർലാൽ നെഹ്റു സർവകലാശാല രണ്ടാംസ്ഥാനത്തും ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല മൂന്നാംസ്ഥാനത്തുമാണ്.
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി മികച്ച മെഡിക്കൽ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയിൽ 13-ാം സ്ഥാനത്തുണ്ട്. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് 42-ാം സ്ഥാനത്താണ്.
ഓവറോൾ റാങ്കിംഗിൽ മദ്രാസ് ഐഐടിക്കു പിന്നാലെ ഐഐഎസ്സി ബംഗളൂരു രണ്ടാംസ്ഥാനവും ഐഐടി മുംബൈ, ഐഐടി ഡൽഹി എന്നിവ മൂന്ന്, നാല് സ്ഥാനങ്ങളും നേടി. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) പട്ടികയിൽ ഏഴാംസ്ഥാനത്താണ്.
ഓവറോൾ റാങ്ക് ഉൾപ്പെടെ രാജ്യത്തെ ഉന്നതിദ്യാഭ്യാസ സ്ഥാപനങ്ങളെ 16 വിഭാഗങ്ങളിലായാണ് എൻഐആർഎഫ് തരംതിരിച്ചിട്ടുള്ളത്.
മുൻവർഷങ്ങളിൽനിന്നു വിഭിന്നമായി സംസ്ഥാന പൊതുസർവകലാശാലകൾ, ഓപ്പൺ സർവകലാശാലകൾ, സ്കിൽ യൂണിവേഴ്സിറ്റികൾ എന്നിങ്ങനെ മൂന്നുവിഭാഗങ്ങളും ഇത്തവണത്തെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.