മണ്ണിടിച്ചിൽ ഭീഷണിയിൽ 585 കുടുംബങ്ങൾ
1442074
Monday, August 5, 2024 1:56 AM IST
തൃശൂർ: കഴിഞ്ഞ ഒരാഴ്ച ജില്ലയെ പ്രളയസമാനമായ നിലയിലേക്കു മാറ്റിയത് അതിതീവ്ര മഴ. കഴിഞ്ഞമാസം 25 മുതൽ 31 വരെ 110 ശതമാനം അധിക മഴ പെയ്തു. വളരെക്കുറച്ചു ദിവസം മാത്രമാണു മഴയുണ്ടായതെങ്കിലും ശരാശരി ലഭിക്കേണ്ട മഴയേക്കാൾ അധികമാണു പെയ്തത്. 142.8 മില്ലിമീറ്റർ മഴയാണ് ശരാശരി ഇക്കാലത്തിനിടെ ലഭിക്കാറ്. എന്നാൽ, ഒരാഴ്ച മാത്രം 199.7 മില്ലിമീറ്റർ മഴ പെയ്തു. രണ്ടുമാസത്തെ കണക്കുകൾ അനുസരിച്ച് അവസാന ആഴ്ചയാണ് ഏറ്റവും കൂടുതൽ മഴയുണ്ടായതെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു.
നാളെയും മറ്റന്നാളും മിന്നലോടുകൂടിയ മഴയുണ്ടാകുമെന്നാണ് ഏറ്റവും ഒടുവിലത്തെ മുന്നറിയിപ്പുകൾ. മണ്ണിടിച്ചിൽ അടക്കമുണ്ടായിട്ടുള്ള സ്ഥലങ്ങളിൽ ജാഗ്രതവേണമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിൽ ഉൾപ്പെടുന്ന അകമലയിൽ വിദഗ്ധർ പരിശോധന തുടരുകയാണ്. മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്നു കണ്ടെത്തിയ പ്രദേശത്തെ ആളുകളോടു ക്യാന്പിൽ തുടരാനും നിർദേശിച്ചിട്ടുണ്ട്. മുന്പ് ഉരുൾപൊട്ടലുണ്ടായ കുറാഞ്ചേരി, ചാലക്കുടിയിലെ പുല്ലുമൂടി മല, വിവിധ ക്വാറികൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം ജാഗ്രത വേണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
ജില്ലയിലെ 585 കടുംബങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിലാണെന്നാണു ജില്ലാ മണ്ണു സംരക്ഷണ വകുപ്പിന്റെ റിപ്പോർട്ട്. ഇതിലേറെയും മലയോര മേഖലയിലാണ്. ഈ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ നിർദേശ പ്രകാരമാണു റിപ്പോർട്ട് തയാറാക്കിയത്. തലപ്പിള്ളി താലൂക്കിലെ പുല്ലൂർ വില്ലേജ്, വരവൂർ, പുലാക്കോട്, കൊണ്ടാഴി, ഏങ്കക്കാട്, വടക്കാഞ്ചേരി, ദേശമംഗലം, ചേലക്കര, കിള്ളിമംഗലം, മുകുന്ദപുരം താലൂക്കിലെ ആന്പല്ലൂർ, പുത്തചിറ, മാടായിക്കോണം, തെക്കുംകര, പൊറത്തിശേരി, പൊയ്യ, മടത്തുംപടി, പള്ളിപ്പുറം, കാറളം, ചാവക്കാട് താലൂക്കിലെ മുല്ലശേരി, ബ്രഹ്മകുളം, എളവള്ളി, ചാലക്കുടി താലൂക്കിലെ പരിയാരം, അതിരപ്പിള്ളി, കുറ്റിച്ചിറ, മറ്റത്തൂർ, കോടശേരി, മലക്കപ്പാറ, തൃശൂർ താലൂക്കിലെ മുളയം, പുത്തൂർ, പീച്ചി, മാടക്കത്തറ, കിള്ളന്നൂർ, വെങ്ങിണിശേരി, കുന്നംകുളം താലൂക്കിലെ ആളൂർ, പോർക്കുളം എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളാണ് അപകട ഭീഷണിയിലുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. പല വീടുകൾക്കു മുകളിലും ഇളകി നിൽക്കുന്ന പാറകളും ഇടിയാൻ സാധ്യതയുള്ള മണ്തിട്ടകളുണ്ടെന്നും പറയുന്നു.
2018ലെ പ്രളയത്തിനുശേഷം റവന്യൂ, ജിയോളജി, മണ്ണു സംരക്ഷണ വകുപ്പ്, പഞ്ചായത്ത് എന്നിവ സംയുക്തമായി കളക്ടർക്കു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിലെ പ്രദേശങ്ങളും പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്.