മഴക്കാറ് നീങ്ങി; തീരത്ത് പ്രതീക്ഷയുടെ തിരയിളക്കം
1441514
Saturday, August 3, 2024 1:06 AM IST
ചാവക്കാട്: മഴക്കാറ് നീങ്ങി, മാനം തെളിഞ്ഞു. ബോട്ടുകൾ കടലിൽ ഇറങ്ങി. ദേശീയ സമുദ്രസ്ഥിതിപഠനഗവേഷണ കേന്ദത്തിന്റെ മുന്നറിയിപ്പും സർക്കാരിന്റെ വിലക്കും കാരണം ട്രോളിംഗ് കഴിഞ്ഞിട്ടും മത്സ്യബന്ധന ബോട്ടുകൾ കടലിൽപോകാതെ കരയിൽതന്നെയായിരുന്നു.
മുന്നറിപ്പുകൾക്ക് വിരുദ്ധമായി ഇന്നലെ കാറ്റും മഴയും മാറിനിന്നു. വലിയ തിരമാല ഉയരുമെന്നും തീരവാസികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ചാവക്കാട് മേഖലയിൽ സ്ഥിതി ശാന്തമായിരുന്നു ഇതേ തുടർന്ന് ഏതാനും ബോട്ടുകളും വള്ളങ്ങളും വൈകിട്ട് കടലിൽ പോയി. കാലാവസ്ഥ പ്രതികൂലമായിരുന്നതുകൊണ്ട് ട്രോളിംഗിന് മുമ്പുതന്നെ യാനങ്ങൾ കരയ്ക്ക് കയറിയിരുന്നു. 52 ദിവസത്തെ ട്രോളിംഗുകൂടി വന്നതോടെ കടൽത്തൊഴിലാളികളും അനുബന്ധ ത്തൊഴിലാളികളും ദുരിതത്തിലായി.
ചെറിയ തോതിൽ ചെമ്മീൻ ലഭിച്ചപ്പോൾ അമേരിക്കൻ വിലക്ക്. വായ്പ വാങ്ങിയും കെട്ടുതാലി പണയംവച്ചുമാണ് പല ബോട്ടുടമകളും അറ്റകുറ്റപ്പണികൾതീർത്ത് മീൻ പിടിത്തത്തിന് ബോട്ടും വലയും ഒരുക്കിയത്. ചാകരക്കോള് പ്രതീക്ഷിച്ച് ദിവസങ്ങളെണ്ണി കടലിൽ ഇറങ്ങേണ്ട ദിവസമെത്തിയപ്പോൾ വീണ്ടും മുന്നറിയിപ്പ്. വിധിയെ പഴിച്ചിരിക്കുന്നതിനിടയിൽ കാലാവസ്ഥ അനുകൂലമായി. വിലക്ക് കാറ്റിൽപറത്തി യാനങ്ങൾ കടലിൽ ഇറങ്ങി.