ഹിരണ്യൻ; അമ്മാടത്തിന്റെ കഥാകാരൻ
1436873
Thursday, July 18, 2024 1:37 AM IST
ചേർപ്പ്: കഥകളും കവിതകളും പിറവിയെടുത്ത കടവത്ത് മന: ഓർമയായത് അമ്മാടത്തിന്റെ കഥാകാരൻ.
തറവാട്ടുമന അമ്മാടം പാർപ്പക്കടവിലാണെങ്കിലും ഹിരണ്യന്റെ സാഹിത്യമണ്ഡലം തൃശൂരായിരുന്നു, അനവധി സാഹിത്യ സുഹൃദ്ബന്ധങ്ങൾ ഹിരണ്യനുണ്ടായിരുന്നു. ഒരിടയ്ക്കു കവിതയുടെ നഭസിൽ ഉദിച്ച നക്ഷത്രമാണ് ഹിരണ്യനെന്നും ഒരിടവേളയിൽ കവിതകൾ വിടുകയും പിന്നീട് കവിതയെക്കുറിച്ചുള്ള വർത്തമാനങ്ങളിൽ ഹിരണ്യൻ ഹരംകൊണ്ടതായും കഥാകൃത്ത് അഷ്ടമൂർത്തി അനുസ്മരിച്ചു.
അമ്മാടത്തു സാംസ്കാരിക സാഹിത്യവേദികളിലും ഒരുകാലത്ത് ഹിരണ്യൻ നിറസാന്നിധ്യമായിരുന്നതായി പ്രദേശവാസികൾ ഓർമിക്കുന്നു.
സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ , സെക്രട്ടറി സി.പി. അബൂബക്കർ, പ്രഫ വി.ജി തമ്പി, പി.ആർ. വർഗീസ്, സി.ഒ. ജേക്കബ്, പി.ടി. സണ്ണി, അഡ്വ. കെ. മാരാത്ത് തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.
‘സാഹിത്യ
സാംസ്കാരിക
രംഗത്തെ
നിറസാന്നിധ്യം’
"ഒറ്റ സ്നാപ്പിൽ ഒതുക്കാനാവില്ല ഒരു ജന്മസത്യം' എന്നത് ഗീതാ ഹിരണ്യന്റെ കഥയാണ്. ജീവിതത്തിന്റെ എല്ലാ സ്നാപ്പും ഒറ്റ ക്ലിക്കിൽ തീർത്ത വാശിയിൽ അവരെന്നോ പോയി. വാൽ മുറിച്ചിട്ടപോലെ ഹിരണ്യൻ മാത്രം ബാക്കിയായി. ഇപ്പോഴിതാ ഹിരണ്യൻമാഷും....
സാഹിത്യ സാംസ്കാരികരംഗത്തു നിറസാന്നിധ്യമായിരുന്ന ആളാണ്. തൃശൂരിലെ സാംസ്കാരിക സദസുകളിൽ ഒരുകാലത്തു ഹിരണ്യൻ നിർബന്ധമായിരുന്നു സംഘാടകർക്ക്. സാഹിത്യസംബന്ധിയായ ഏതു സംശയത്തിനും പാതിരായ്ക്കു ചോദിച്ചാലും മറുപടി കിട്ടും. കഥ വന്ന പേജുകൂടി പറഞ്ഞുതരും. ഒപ്പം ദേവനോ എഎസ്സോ നന്പൂതിരിയോ വരച്ച ചിത്രങ്ങളുടെ വിശദാംശങ്ങളും. ജീവിക്കുന്ന സാഹിത്യവിജ്ഞാനകോശമെന്നു ഞങ്ങൾ വിളിക്കാറുണ്ട്.
നേരിൽ കാണുംമുന്പ് ഹിരണ്യനെ അറിയാം. കേരളവർമ കോളജിൽ ആദ്യം ജയിക്കുന്ന എസ്എഫ്ഐ മാഗസിൻ എഡിറ്ററെന്ന നിലയിൽ. അടിയന്തരാവസ്ഥയ്ക്കു മുന്പാണ്. ആ മാഗസിനും കുറേക്കാലം എന്റെ ശേഖരത്തിൽ കിടന്നു.
ഹിരണ്യനെ ആദ്യം കാണുന്നത് തൃശൂർ നടുവിലാൽ ജംഗ്ഷനിലെ പഴയ കറന്റ് ബുക്സിനു മുന്നിൽവച്ച് ഒരു വൈകുന്നേരമാണ്. അക്കാലത്ത് ആ മൂലയൊരു സംഗമവേദിയാണ്. അന്ന് പട്ടാന്പി കോളജിൽ പഠിപ്പിക്കുകയാണ് ഹിരണ്യൻ. ഗീത അസുഖത്തിൽനിന്നു മടങ്ങിവന്ന കാലം. ഒരു സ്വർണച്ചെയിനൊക്കെ ഇട്ട്, പാന്റ്സും കള്ളിഷർട്ടുമായിരുന്നു വേഷം. ഞാൻ സംസാരിച്ചു തുടങ്ങുംമുന്നേ എന്നെക്കുറിച്ച് ഏതാണ്ടെല്ലാം ഹിരണ്യൻ നിരത്തി. നമ്മളദ്ഭുതപ്പെട്ടുപോവും. ഇത്രയേറെ വിശദാംശങ്ങളെങ്ങനെ?
ഹിരണ്യനൊപ്പം ഗീതയും അടുപ്പക്കാരായി. ചിരിയും കണ്ണീരും മാറിമാറി തൊട്ടറിഞ്ഞ് അവർക്കൊപ്പം ചാർച്ചക്കാരനായി. അമ്മിണിയെന്നു വിളിക്കുന്ന ഉമ അന്നു കുട്ടിയാണ്. ഒല്ലൂർ - പുതുക്കാട് ഭാഗത്തൂടെ പോകുന്പോഴൊക്കെ എന്നെ ഓർക്കാറുണ്ടെന്നു ഗീത പറഞ്ഞിരുന്നു. എന്റെ "പുകക്കുഴലുകൾ’ എന്ന നോവലറ്റ്. ആ പ്രദേശം മുഴുവൻ അടഞ്ഞുകിടന്നിരുന്ന ഓട്ടുകന്പനികളിലെ പുകക്കുഴലുകൾ കാണാം.
കഥയുള്ള വാരിക വന്നാൽ ആദ്യവിളി ഹിരണ്യന്റേതാവും. ഗീത പോയതോടെ ഒറ്റപ്പെടുന്നതിലെ ക്രൂരത പറഞ്ഞു. ഒച്ചവച്ച ചിരിയിലേക്കും ചിലപ്പോൾ മൗനങ്ങളിലേക്കും പിൻവാങ്ങി. ഒരുദിവസം വിളിച്ച് ചീത്ത പറഞ്ഞു. വാങ്ങിക്കൊണ്ടുപോയ പുസ്തകം തിരിച്ചുകൊടുക്കണമെന്നാവശ്യപ്പെട്ടാണ് . കേട്ടിരുന്നു. ചിരിച്ചൊഴിയാനും വയ്യ.
പണ്ടൊരു മാതൃഭൂമി സാഹിത്യമത്സര വിജയികളാണ് ഹിരണ്യനും ഗീതയും. ഹിരണ്യനു കവിതയിലായിരുന്നു സമ്മാനം. ഗീതയ്ക്കു കഥയ്ക്കും. കവിതയിൽ തുടർന്നിരുന്നെങ്കിൽ മലയാളത്തിലെ തലപ്പൊക്കമുള്ള കവിയാകുമായിരുന്നു ഹിരണ്യൻ. ഇടയ്ക്കൊരു ഘട്ടത്തിൽ സാഹിത്യവിചാരങ്ങളും ആസ്വാദനക്കുറിപ്പുകളുമായി പ്രത്യക്ഷപ്പെട്ടു. എന്തെഴുതിയാലും ആവശ്യക്കാരുണ്ടായിരുന്നു. എന്നിട്ടും എഴുത്തിന്റെ നൈരന്തര്യം അറ്റു.
ഒന്നും മറക്കാനറിഞ്ഞുകൂടാത്ത ഹിരണ്യൻ, ശേഷിക്കുന്ന കൂട്ടുകാർക്ക് ഇനി ഓർമയുടെ നീരാഴുക്കാവും. പഴയകാലത്തെ ഓർമിപ്പിച്ച് കർക്കടകം മൂടിക്കെട്ടി, ഈറൻമാറാതെ നിന്നുപെയ്യുന്നുണ്ട്.