സൂററ്റിൽ വിവാഹചടങ്ങിൽ പങ്കെടുക്കുന്നതിനിടെ റിട്ട. ഫയർ ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു
1436423
Monday, July 15, 2024 11:24 PM IST
തൃശൂർ: റിട്ട. ഫയർ ഓഫീസർ ഇരിങ്ങാലക്കുട ആർഎസ് റോഡിൽ കരുവേലംകുളം വീട്ടിൽ ജ്യോതികുമാർ (56) അന്തരിച്ചു. ഗുജറാത്തിലെ സൂററ്റിൽ ബന്ധുവിന്റെ വിവാഹചടങ്ങിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണ ജ്യോതികുമാറിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുന്നു. സംസ്കാരം പിന്നീട്.
ഭാര്യ: ആർ. ഷീജ (അങ്കണവാടി ടീച്ചർ) മക്കൾ: ജിഷ്ണു അരവിന്ദ് (ദുബായ്), അനഘലക്ഷ്മി(ഇൻഫോ പാർക്ക് കൊച്ചി).
തൃശൂർ അഗ്നിരക്ഷാനിലയത്തിൽനിന്നും സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ പദവിയിൽനിന്ന് ഇക്കഴിഞ്ഞ മേയ് 31നാണ് ജ്യോതികുമാർ വിരമിച്ചത്. കേരള ഫയർ സർവീസ് അസോസിയേഷൻ പാലക്കാട് മേഖലാ കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു.
തൃശൂർ ഫയർഫോഴ്സിൽനിന്നു വിരമിച്ചെങ്കിലും അത്യാഹിതങ്ങൾ ജില്ലയിൽ സംഭവിക്കുന്പോൾ ജ്യോതികുമാർ ജാഗ്രതയോടെ കാര്യങ്ങൾ നിരീക്ഷിക്കുകയും വിവരങ്ങൾ അപ്പപ്പോൾ മാധ്യമങ്ങൾക്കും മറ്റും കൈമാറുകയും ചെയ്തിരുന്നു. തൃശൂരിൽ അടുത്തിടെയുണ്ടായ പല അത്യാഹിതങ്ങളിലും അപകടങ്ങളിലും ഫയർഫോഴ്സിനെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നതിൽ അസാമാന്യനേതൃപാടവം ജ്യോതികുമാർ പ്രകടിപ്പിച്ചിരുന്നു.