വീടിനു മുകളിൽ മരംവീണ് നാലുപേര്‍ക്കു പരിക്ക്
1425087
Sunday, May 26, 2024 8:07 AM IST
ചാവക്കാട്: ഓടുമേഞ്ഞ വീടിനുമുകളിൽ കാറ്റാടി മരംവീണ് ഉറങ്ങി കിടന്നിരുന്ന മാതാവിനും മൂന്നുമക്കൾക്കും പരിക്കേറ്റു.
എടക്കഴിയൂർ പഞ്ചവടി ബീച്ച് പടിക്കാമണ്ണിൽ അബ്ദുൽ റസാക്ക് ഭാര്യ ജെസീന (35), മക്കളായ റജീന (16), റെസാന (13), റിൻഷാ (10) എന്നിവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11.30ന് ശേഷമാണ് അപകടം.
ഓടും പട്ടികയും മറ്റും ശരീരത്തിൽ വീണതിനെ തുടർന്ന് ഞെട്ടിയുണർന്ന ഉമ്മയുടെയും മക്കളുടെയും നിലവിളി കേട്ടെത്തിയ നാട്ടുകാർ വാതിൽ പൊളിച്ചാണ് നാലുപേരേയും പുറത്തെത്തിച്ചത്. വൈദ്യുതി നിലച്ചതിനാൽ മരം കടപുഴകി വീണാണ് അപകടമെന്ന് വൈകിയാണ് അറിഞ്ഞത്. വീടിന്റെ മേൽക്കൂരയും ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ഫാൻ തുടങ്ങിയ വീട്ടുപകരണങ്ങൾ പൂർണമായും നശിച്ചു. അബ്ദുൽ റസാക്ക് ഗൾഫിലാണ്. പുറമ്പോക്ക് ഭൂമിയിലെ വലിയ കാറ്റാടി മരമാണ് വീടിന് മുകളിൽ വീണത്.