തൃശൂരിൽ വ്യാപക മഴയില്ല; കുടിവെള്ളക്ഷാമം തീരാൻ കാലവർഷമെത്തണം
1423552
Sunday, May 19, 2024 7:16 AM IST
തൃശൂർ: സംസ്ഥാനത്ത് അതിതീവ്രമഴ മുന്നറിയിപ്പ് തുടരുന്പോഴും തൃശൂരിൽ ശക്തമായ മഴയ്ക്കു ജൂണ്‍വരെ കാത്തിരിക്കേണ്ടിവരും. ജില്ലയുടെ ഏതാനും പ്രദേശങ്ങളിൽ മഴ ലഭിച്ചതു വൈകുന്നേരങ്ങളിലെ ചൂടിനു ശമനമുണ്ടാക്കിയെങ്കിലും കുടിവെള്ളക്ഷാമത്തിനു പരിഹാരമാകുന്ന തരത്തിൽ മഴയുണ്ടാകില്ലെന്നാണു കാലാവസ്ഥാവിദഗ്ധർ നൽകുന്ന സൂചന.
അടുത്ത അഞ്ചു ദിവസങ്ങളിൽ സംസ്ഥാനത്ത് അതിതീവ്രമഴയുണ്ടാകുമെന്നാണ് കാലാവസ്ഥാമുന്നറിയിപ്പ്. മൂന്നു ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂരിന്റെ സമീപജില്ലകളായ മലപ്പുറത്തും എറണാകുളത്തും ഓറഞ്ച് അലർട്ടാണ്. ശരാശരിയെക്കാൾ അധികം വേനൽമഴ ഇവിടെ ലഭിക്കുമെന്നാണു വിലയിരുത്തൽ. എന്നാൽ, തൃശൂരിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിച്ചേക്കുമെന്നത് ഒഴിച്ചാൽ വ്യാപകമായ മഴയ്ക്കു സാധ്യതയില്ല.
കഴിഞ്ഞ മാസങ്ങളിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ സ്ഥലങ്ങളിലൊന്നാണ് തൃശൂർ. പ്രതീക്ഷിച്ച മഴയും ലഭിക്കാതെവന്നതോടെ ജില്ലയുടെ മിക്കയിടങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. പ്രതിദിനം ഒരാൾക്കു നൂറുലിറ്റർ വെള്ളം വേണമെന്നാണു ശരാശരി കണക്ക്. വേനൽ കടുത്തതോടെ ഇതിന്റെ രണ്ടും മൂന്നും ഇരട്ടിയായിരുന്നു ഉപഭോഗം. കിണറുകൾ വറ്റി. നഗരത്തിലെ മിക്ക ഫ്ളാറ്റുകളിലും ടാങ്കറിൽ വെള്ളമെത്തിച്ചാണു ജലക്ഷാമം പരിഹരിക്കുന്നത്. മലയോരമേഖലകളിലും തീരപ്രദേശത്തും കടുത്ത ജലക്ഷാമം തുടരുന്നു. പൈപ്പ് വെള്ളം ആശ്രയിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായി.
സമീപകാലത്തെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണു പ്രധാന അണക്കെട്ടുകളായ പീച്ചി, വാഴാനി, ചിമ്മിനി എന്നിവിടങ്ങളിലുള്ളത്. പീച്ചിയിൽ ആകെ സംഭരണശേഷിയുടെ 13 ശതമാനവും ചിമ്മിനിയിൽ ഏഴു ശതമാനവും വാഴാനിയിൽ 18 ശതമാനവും മാത്രമാണുള്ളത്. പീച്ചിയിൽനിന്ന് ഇടതുകര, വലതുകര കനാലുകളിലൂടെ വെള്ളം തുറന്നുവിട്ടെങ്കിലും കുടിവെള്ളക്ഷാമത്തിനു പരിഹാരമായിട്ടില്ല. പാടങ്ങളും വരണ്ടുണങ്ങി.
എന്നാൽ, പതിവിലും നേരത്തേ ഇന്ന് ആൻഡമാനിൽ മണ്‍സൂണ്‍ എത്തും. എട്ടു ദിവസം കഴിഞ്ഞാൽ കേരളത്തിലും കാലവർഷമെത്തുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. മുൻവർഷത്തെ അപേക്ഷിച്ച് ഇക്കുറി മികച്ച മഴ ലഭിക്കുമെന്നും വിദഗ്ധർ പറഞ്ഞു.
സ്വന്തം ലേഖകൻ