എന്തൂട്ടസ്റ്റാ, ഞങ്ങൾക്കും മേളം കേൾക്കണ്ടേ...
1417514
Saturday, April 20, 2024 1:32 AM IST
തൃശൂർ: ചരിത്രത്തിലാദ്യമായി ഇലഞ്ഞിത്തറമേളം കേൾക്കാൻ വടക്കുന്നാഥൻ മതിൽക്കെട്ടിനകത്തേക്ക് ആളുകളെ കടത്തിവിടാതെ പോലീസ് ബന്തവസ്. ഇതോടെ ആയിരക്കണക്കിനു മേളപ്രേമികളാണു നിരാശയോടെ മടങ്ങിയത്.
നിരവധിയാളുകൾ ഗോപുരവാതിലിനകത്തു കയറാൻ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. കിഴക്ക്, പടിഞ്ഞാറെ ഗോപുരങ്ങൾക്കു സമീപം നിർമിച്ച ഫ്ലൈ ഓവറിലൂടെയും കടത്തിവിട്ടില്ല. മതിൽക്കെട്ടിനകത്തും മൂന്നിടങ്ങളിലായി ജനങ്ങളുടെ വരവുപോക്ക് പോലീസ് തടഞ്ഞു. അതുകൊണ്ടുതന്നെ പാറമേക്കാവ് എഴുന്നള്ളിപ്പ് വടക്കുന്നാഥനിലേക്കു കയറുന്നതിനിടെ ആനകൾക്കും മേളക്കാർക്കുമൊപ്പം കയറിക്കൂടിയവർക്കും മേളം നടക്കുന്ന കിഴക്കേനടയിൽ എത്താനായില്ല.
മുൻകാലങ്ങളിൽ എഴുന്നള്ളിപ്പ് ഇലഞ്ഞിച്ചോട്ടിലെത്തിയാൽ ആളുകളെ മേളം നടക്കുന്നിടത്തേക്കു കടത്തിവിടാറുണ്ട്. മേളം കലാശിച്ച് ആനകൾ തെക്കേനടയിലൂടെ പുറത്തേക്കു കടക്കുന്ന സമയത്തുമാത്രമാണ് ആ ഭാഗത്തുകൂടെയുള്ള പ്രവേശനം തടയാറുള്ളൂ. ഇത്തവണ പാറമേക്കാവ് ക്ഷേത്രത്തിൽ എഴുന്നള്ളിപ്പ് തുടങ്ങിയ സമയത്തു വടക്കുന്നാഥനിൽ കയറിക്കൂടിയവർക്കുമാത്രമാണ് ഇലഞ്ഞിത്തറമേളം കേൾക്കാൻ അവസരം കിട്ടിയത്.
എഴുന്നള്ളിപ്പിനൊപ്പം കിഴക്കേനടയിലൂടെ അകത്തുകടന്ന കുറച്ചുപേരെ മൂന്നേകാലോടെയാണു കിഴക്കേഭാഗത്തുനിന്ന് മേളം നടക്കുന്നിടത്തേക്കു കടത്തിവിട്ടത്. ഇതോടെ പോലീസ് ബന്തവസിൽപെട്ട് നിന്നിരുന്നവർ കൂട്ടത്തോടെ മേളം നടക്കുന്നിടത്തേക്ക് ഓടിയടുക്കുകയായിരുന്നു.
തിരക്കിൽപെട്ട് പ്രായമായ ചിലർ വീഴുകയും ചെയ്തു. അതിനുശേഷവും ബന്തവസ് തുടർന്നു. തിരക്കുകുറവ് അനുഭവപ്പെട്ട മതിൽക്കെട്ടിനകത്തു മേളാസ്വാദകരോളംതന്നെ പോലീസുകാരെയാണു വിന്യസിപ്പിച്ചിരുന്നത്. തിരക്കു കുറവായതുകൊണ്ടുതന്നെ പോലീസുകാർ പലരും മരച്ചുവടുകളിൽ വിശ്രമത്തിലുമായിരുന്നു.