ആക്ട്സിന്റെ കരുതൽപ്പൂരം ഇക്കുറിയും
1416800
Wednesday, April 17, 2024 12:27 AM IST
തൃശൂർ: 36 മണിക്കൂർ പൂരാഘോഷത്തിന് 65 മണിക്കൂർ സൗജന്യ ആംബുലൻസ്, ഭക്ഷണം, കുടിവെള്ളസൗകര്യമൊരുക്കി, കാൽനൂറ്റാണ്ടു പിന്നിട്ട ആക്ട്സിന്റെ കരുതല്‍പ്പൂരം.
ഇന്നു വൈകീട്ടത്തെ സാന്പിള്‍ വെടിക്കെട്ടുമുതല്‍ പൂരം ഉപചാരംചൊല്ലി പിരിയുംവരെയാണു സൗജന്യ ആംബുലന്‍സ് സേവനം ലഭ്യമാകുക. പൂരദിനത്തില്‍ ഭക്ഷണവും കുടിവെള്ളവും സൗജന്യമായി നല്‍കും. ഇന്നു വൈകിട്ട് ഏഴുമുതൽ തുടങ്ങുന്ന സേവനങ്ങൾ പൂരത്തിന്റെ പിറ്റേന്നു പകൽപ്പൂരം കഴിയുന്നതുവരെ കരുതലേകും.
പാറമേക്കാവു ക്ഷേത്രത്തിനു സമീപം പഴയ ജില്ലാ ആശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആക്ട്സ് തൃശൂര്‍ ബ്രാഞ്ച് ഓഫീസിനു മുന്‍വശത്താണു ഭക്ഷണം വിതരണം ചെയ്യുക. പൂരദിവസം രാവിലെ 11 മുതൽ ചപ്പാത്തിയും കറിയും അടങ്ങുന്ന ഭക്ഷണവിതരണം പുലര്‍ച്ചെവരെ നീളും. ഇലഞ്ഞിത്തറ മേളവും കുടമാറ്റവും നടക്കുന്നിടങ്ങളിലേക്കും കുപ്പിവെള്ളം എത്തിക്കും.
കുടമാറ്റത്തിനിടയില്‍ ആരോഗ്യവകുപ്പുമായി സഹകരിച്ച് ഒആര്‍എസ് ലായനി വിതരണവും ഉണ്ടാകും. തുടര്‍ച്ചയായി മൂന്നാംവര്ഷമാണു ആക്ട്സ് സൗജന്യ ഭക്ഷണവിതരണം നടത്തുന്നത്. സാമൂഹിക, സാംസ്കാരിക രംഗത്തെ അഭ്യുദയകാംക്ഷികളുടെയും വ്യാപാരികളുടെയും പിന്തുണയോടെയാണു സൗജന്യ ഭക്ഷണവിതരണം ഒരുക്കുന്നത്. 12 അംഗ പ്രത്യേക സ്ട്രെച്ചര്‍ ടീം പൂരത്തിനിടെ സന്നദ്ധരായിരിക്കും.
പത്രസമ്മേളനത്തിൽ മേയർ എം.കെ. വര്‍ഗീസ്, ആക്ട്സ് ജില്ലാ സെക്രട്ടറി ലൈജു സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് ടി.എ. അബൂബക്കര്‍, ട്രഷറർ ജേക്കബ് ഡേവിസ്, ബ്രാഞ്ച് പ്രസിഡന്റ് സി.എസ്. ധനന് എന്നിവർ പങ്കെടുത്തു.