വില്വാദ്രിനാഥ ക്ഷേത്രത്തിൽ നവമിവിളക്ക് ഇന്ന്
1397490
Tuesday, March 5, 2024 1:26 AM IST
തിരുവില്വാമല: ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിൽ നവമിവിളക്ക് ഇന്ന് ആഘോഷിക്കും. പുലർച്ചെ അഞ്ചിന് ക്ഷേത്രത്തിനകത്തെ കൂത്തുമാടത്തിൽ നങ്ങ്യാർകൂത്ത്, എട്ടിന് അന്നദാന മണ്ഡപത്തിൽ ശ്രീ വില്വാദ്രിനാഥ സംഗീതോത്സവം . 8.30ന് ശീവേലി എഴുന്നള്ളിപ്പ്. വൈകീട്ട് അഞ്ചിന് ഭജന, തിരുവാതിരക്കളി, വയലിൻ കച്ചേരി. എട്ടു മുതൽ തായമ്പക, മദ്ദള കേളി, ശീവേലി എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. അഷ്ടമി വിളക്ക് ദിനമായ ഇന്നലെ രാവിലെ ശീവേലി, കളഭാഭിഷേകം, ഭക്തിഗാനമേള എന്നിവ ഉണ്ടായിരുന്നു.
ഉച്ചയ്ക്ക് നടന്ന അഷ്ടമി ഊട്ടിൽ പങ്കെടുക്കാൻ ആയിരങ്ങളെത്തി. അഷ്ടമി വിളക്കിനോടനുബന്ധിച്ച് നടപ്പന്തലിൽ നടന്ന പ്രസിദ്ധമായ പ്രസാദഊട്ടിൽ പങ്കെടുക്കാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി നിരവധി ഭക്തരാണ് രാവിലെ മുതൽ ക്ഷേത്രാങ്കണത്തിലെത്തിയത്. കളഭാഭിഷേകത്തിനും ഉച്ചശീവേലിക്കും ശേഷമാണ് പ്രസാദഊട്ട് തുടങ്ങിയത്.
101 പറ അരിയുടെ അന്നദാനത്തിൽ രസകാളൻ, അച്ചാർ, ഓലൻ, കൂട്ടുകറി, ചതുശ്ശതം പായസം എന്നിവയായിരുന്നു വിഭവങ്ങൾ. ഏഴിനു നടക്കുന്ന ഏകാദശിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു.