വെട്ടുകടവ് പാലത്തിലെ വിടവുകൾക്ക് അകലം കൂടുന്നതായി യാത്രക്കാർ
1395613
Monday, February 26, 2024 1:20 AM IST
മേലൂർ: വെട്ടുകടവ് പാലത്തിലെ വിടവുകൾക്ക് അകലം കൂടുന്നതായി യാത്രക്കാർ. വലിയ അപകടസാധ്യത കണ്ടിട്ടും കാണാതെ അധികൃതർ. മേലൂർ ഗ്രാമപഞ്ചായത്തിനേയും -ചാലക്കുടി മുൻസിപ്പാലിറ്റിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന വെട്ടുകടവ് പാലത്തിലെ സ്പാനുകളിലാണ് വിടവുള്ളത്. നാളേറെയായി ഈ അവസ്ഥ തുടരുകയാണ്.
ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന വഴിയാണിത്.അകലെ നിന്ന് കാണുവാൻ സാധിക്കാത്തത് മൂലം റോഡിനു മധ്യത്തിലെ വിടവിൽ ചാടുന്ന വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതായി പറയുന്നുണ്ട്.ഇരുചക്രവാഹനയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.കൊച്ചുകുട്ടികളെയും വയോധികരെയും ഇരുത്തി സഞ്ചരിക്കുന്നവർ അത്രയേറെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.
വാഹനങ്ങൾക്ക് ഉണ്ടാവുന്ന കേടുപാടുകൾക്ക് ആര് പരിഹാരം കാണുമെന്നാണ് ചോദ്യമുയരുന്നത്. അപകടം ഒഴിവാക്കാൻ നേരത്തെ റോഡിന്റെ അറ്റമായിരുന്നു ഉപയോഗിച്ചിരുന്നത്. നിലവിൽ അതും അടർന്നു പോകുന്ന സ്ഥിതിയാണ്. വിടവിലൂടെ നോക്കിയാൽ പാലത്തിന്റെ അടിഭാഗം കാണാവുന്ന വിധമായി. കാൽനടയാത്രക്കാരുടെ കാലുകൾ കുടുങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
2018 ലെ മഹാപ്രളയത്തിൽ നിരവധി കൂറ്റൻമരങ്ങൾ സ്പാനുകളിൽ ഇടിച്ചുനിന്നതിനെതുടർന്ന് വെള്ളമൊഴുകിയത് പാലത്തിന്റെ മുകളിലൂടെയായിരുന്നു. പൊതുജനങ്ങളുടെ ജീവനു ഭീഷണിയായ ഈ വിടവ് നികത്താൻ അധികൃതർ നിസംഗത പ്രകടിപ്പിക്കുന്നതായി യാത്രക്കാർ പറഞ്ഞു. അപകടങ്ങൾ ഒഴിവാക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നു നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.