നവകേരള സദസിന്റെ വേദി മാറ്റിയത് അനുഗ്രഹമായെന്ന് മന്ത്രി കെ. രാജൻ
1375488
Sunday, December 3, 2023 5:59 AM IST
മണ്ണുത്തി: ഒല്ലൂർ നിയോജമണ്ഡലത്തിലെ നവകേരള സദസിന്റെ വേദി പുത്തൂരിൽനിന്നും വെള്ളാനിക്കരയിലേക്കു മാറ്റിയതു സംഘാടനത്തിനു സൗകര്യമായിരിക്കുകയാണെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു.
സുവോളജിക്കൽ പാർക്ക് തെരഞ്ഞെടുക്കുമ്പോൾ ഉണ്ടായിരുന്ന പരിമിതികൾ ഒഴിവാക്കി കൂടുതൽപേരെ പങ്കെടുപ്പിച്ച് എല്ലാ സൗകര്യങ്ങളോടെയും നടത്താൻ കഴിയുന്ന സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ പരാതി നൽകിയവരോട് നന്ദിയുള്ളതായും മന്ത്രി പറഞ്ഞു.
നാളെ മൂന്നുമണിക്ക് സംഗീത സംവിധായകൻ ഔസേപ്പച്ചനും ജയരാജ് വാരിയരും ചേർന്ന് സാംസ്കാരിക പരിപാടി ഉദ്ഘാടനംചെയ്യും. ചലച്ചിത്രതാരം അപർണ ബാലമുരളിയും പങ്കെടുക്കും. നാളെ മുഖ്യമന്ത്രി ഉൾപ്പടെ മന്ത്രിമാർ കാർഷികസർവകലാശാല ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കും.
പൊതുജനങ്ങളുടെ പരാതി സ്വീകരിക്കാൻ 20 കൗണ്ടറുകൾ ഉച്ചയ്ക്ക് ഒന്നുമുതൽ പ്രവർത്തിക്കും. ജില്ലാതലത്തിൽ വരുന്ന പരാതികൾ 30 ദിവസവും സംസ്ഥാനതല പരാതികൾ 45 ദിവസത്തിനകവും പരിഹരിക്കും.
തൃപ്രയാറിൽനിന്നും വരുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ണുത്തിയിൽനിന്നും തൃശൂരിലെ തേക്കിൻകാട് വേദിയിലേക്കു പോകും. കാർഷിക സർവകലാശാല ഗ്രൗണ്ടിലും പരിസരങ്ങളിലുമായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.