മറിയക്കുട്ടിയുടെ കളിമണ്‍ ശിൽപവുമായി വിജയ്
1373738
Monday, November 27, 2023 2:02 AM IST
മേലൂർ: സമരമുഖങ്ങൾ പലതും കണ്ടിട്ടുണ്ടെങ്കിലും 86-ാം വയസിൽ അവകാശങ്ങൾ നേടിയെടുക്കാൻ ഒറ്റയാൾ പോരാട്ടത്തിനിറങ്ങിയ മറിയക്കുട്ടിയോടുള്ള ബഹുമാന സൂചകമായി കളിമണ്ണിൽ ശില്പം നിർമിച്ച് മേലൂർ ശാന്തിപുരം സ്വദേശി വിജയ് തെക്കൻ. ജോലിയുമായി ബന്ധപ്പെട്ടു പഞ്ചാബിലാണ് ഇദ്ദേഹം. കളിമണ്ണിൽ രൂപങ്ങൾ നിർമിക്കാൻ പഠിച്ചിട്ടില്ലാത്ത വിജയ് ജന്മനാ ലഭിച്ച കഴിവുകളെ വളർത്തിയെടുത്തു. ഏഴുകിലോ കളിമണ്ണുപയോഗിച്ച് ഒരുദിവസം കൊണ്ട് ഒരടി ഉയരത്തിലുള്ള മറിയക്കുട്ടിയമ്മയുടെ പ്രതിഷേധ മുഖമാണു നിർമിച്ചത്. ഈ രൂപം ചുട്ടെടുത്തു നാട്ടിലെത്തിച്ചു മറിയക്കുട്ടിക്കു നേരിട്ടു നൽകാനാണ് ആഗ്രഹമെന്നും പറയുന്നു.
ചെറുപ്പത്തിൽ ചിത്രങ്ങൾ വരക്കുകയും, ശില്പങ്ങൾ നിർമിക്കലുമായിരുന്നു വിനോദം. മലന്പുഴ പാർക്കിലെ യക്ഷിയുടെ രൂപം കളിമണ്ണിലുണ്ടാക്കിയതോടെയാണ് കലയിലേക്കു തിരിഞ്ഞത്. ഭാര്യ ഷൈനിയുടെ പൂർണ പിന്തുണയുണ്ട്. മറിയക്കുട്ടിയമ്മയുടെ രൂപം ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ ജനശ്രദ്ധ പിടിച്ചുപറ്റി.
അന്തരിച്ച ഉമ്മൻ ചാണ്ടിയുടെ രൂപം നിർമിച്ച് അദ്ദേഹത്തിനു നൽകിയതും കാന്താര സിനിമയിലെ വരാഹ രൂപം തെയ്യക്കോലം നിർമിച്ചതു റിഷാബ് ഷെട്ടി കാണാനിടയായതും മറക്കാൻ കഴിയില്ലെന്നു വിജയ് പറഞ്ഞു.