ആറ്റപ്പിള്ളി പാലം അപ്രോച്ച് റോഡിൽ വീണ്ടും കുഴി
1339574
Sunday, October 1, 2023 2:25 AM IST
മറ്റത്തൂർ: ആറ്റിപ്പിള്ളി പാലത്തിന്റെ അപ്രോച്ച് റോഡിൽ വീണ്ടും കുഴി. ഇന്നലെ ഉച്ചകഴിഞ്ഞാണു മണ്ണിടിച്ചിലുണ്ടായത്. അപ്രോച്ച് റോഡിൽ നേരത്തെ മൂന്നു തവണ മണ്ണിടിഞ്ഞതിനെ തുടർന്ന് ക്വാറി വേസ്റ്റും കല്ലും ഇട്ട് മൂടിയ സ്ഥലത്തു തന്നെയാണ് വീണ്ടും മണ്ണിടിഞ്ഞത്.
മറ്റത്തൂർ, വരന്തരപ്പിള്ളി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കുറുമാലിപ്പുഴയിൽ നിർമിച്ച ആറ്റപ്പിള്ളി പാലത്തിന്റെ മറ്റത്തൂർ ഭാഗത്തേക്കുള്ള അപ്രോച്ച് റോഡിൽ 2021 ജൂണിലാണ് ആദ്യമായി മണ്ണിടിഞ്ഞ് കുഴി രൂപപ്പെട്ടത്. റോഡിനു നടുവിൽ മണ്ണിടിഞ്ഞു താഴുകയായിരുന്നു. നിർമാണത്തിലെ അപാകതയാണു കാരണമെന്നു കണ്ടെത്തിയിരുന്നു.
കരിങ്കൽച്ചീളുകളും മണ്ണുമുപയോഗിച്ചു ഗർത്തംമൂടിയെങ്കിലും ഏതാനും മാസങ്ങൾക്കു ശേഷം വീണ്ടും മണ്ണിടിഞ്ഞു താഴ്ന്നു. തുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു.
പ്രതിപക്ഷ കക്ഷികൾ സമരത്തിനിറങ്ങിയതോടെ ജലവിഭവ വകുപ്പിനു കീഴിൽ പീച്ചിയിൽ പ്രവർത്തിക്കുന്ന കേരള എൻജിനീയറിംഗ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിദഗ്ധ സംഘം പരിശോധിച്ചു പാലത്തിനു ബലക്ഷയമില്ലെന്ന് റിപ്പോർട്ട് സമർപ്പിച്ചു.
ദുർബലമായ അപ്രോച്ച് റോഡ് പൊളിച്ചു പുനർനിർമിക്കാനും തീരുമാനമെടുത്തു. അപ്രോച്ച് റോഡിന്റെ പുനർനിർമാണത്തിനു മുന്നോടിയായി 2021 നവംബറിൽ ഇവിടെ പൈലിംഗ് നടത്തി മണ്ണിന്റെ ഉറപ്പ് പരിശോധിച്ചിരുന്നു.
അപ്രോച്ച് റോഡ് പുനർനിർമാണം പൂർത്തിയാകുന്നതുവരെ നാട്ടുകാരുടെ സുരക്ഷിതയാത്രക്കായി കനമുള്ള ഇരുന്പുഷീറ്റുകൾ ഉപയോഗിച്ച് താൽക്കാലിക അപ്രോച്ച് റോഡ് സ്ഥാപിക്കാൻ തീരുമാനമുണ്ടായിരുന്നു.
അപ്രോച്ച് റോഡിൽ തുടർച്ചയായി മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിൽ പാലത്തിലൂടെയുള്ള യാത്ര നിരോധിച്ചുകൊണ്ട് അധികൃതർ മുന്നറിയിപ്പു ബോർഡ് സ്ഥാപിച്ചിക്കുകയും ടാർ വീപ്പകളും മരക്കൊന്പുകളും ഉപയോഗിച്ച് തടസം ഏർപ്പെടുത്തുകയും ചെയ്തതല്ലാതെ മറ്റൊന്നുമുണ്ടായില്ല.
ഇതിനിടെയാണു വീണ്ടും മണ്ണിടിച്ചിൽ. മഴ തുടർന്നാൽ ഇനിയും മണ്ണിടിയുമെന്നാണ് ആശങ്ക. അപകട സാധ്യത കണക്കിലെടുത്ത് അധികൃതർ പാലത്തിനു സമീപം വെളിച്ചം ഏർപ്പെടുത്തി. റവന്യു ഉദ്യോഗസ്ഥരും മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബിയും സ്ഥലം സന്ദർശിച്ചു.