കേരളത്തിന് കേരത്തോട് കടപ്പാടുണ്ടാകണം: തോമസ് ഉണ്ണിയാടൻ
1339331
Saturday, September 30, 2023 12:46 AM IST
മാള: കേരളനാട് കേരത്തോട് ഏറെ കടപ്പെട്ടിരിക്കുന്നുവെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ. കേരമാണ് കേരളം എന്ന പേരിന് കാരണമെന്നത് വിസ്മരിക്കരുത്. എന്നാൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അവഗണനയാൽ കേരകൃഷി വലിയ പ്രതിസന്ധിയിലാണ്.
നാളികേര കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതിനും കേരകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും നടപടി വേണം. കേരളാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന 100 കേര കർഷക സൗഹൃദ സംഗമത്തിന്റെ ഭാഗമായി കുണ്ടൂരിൽ തെങ്ങിൻ പുരയിടത്തിൽ കൊടുങ്ങല്ലൂർ നിയോജകമണ്ഡല കേരകർഷക സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു തോമസ് ഉണ്ണിയാടൻ.
നിയോജക മണ്ഡലം പ്രസിഡന്റ് പീറ്റർ പാറേക്കാട്ട് അധ്യക്ഷത വഹിച്ചു.
മികച്ച കേര കർഷകക്കുള്ള പുരസ്കാരം നൽകി അൽഫോൻസയെ പൊന്നാട അണിയിച്ചു ആദരിക്കുകയും പുരയിടത്തിൽ തെങ്ങിൻതൈ നടുകയും ചെയ്തു. സംസ്ഥാന വൈസ് ചെയർമാൻ എം.പി. പോളി മുഖ്യപ്രഭാഷണം നടത്തി.
പാർട്ടി ഭാരവാഹികളായ ജോയി എടാട്ടുകാരൻ, പി.ആർ. തോമസ്, ഡേവിസ് പാറേക്കാട്ട്, ഡി. പദ്മകുമാർ, ദേവസി മരോട്ടിക്കൽ, ഡൊമനിക്, അജയൻ എന്നിവർ പ്രസംഗിച്ചു.