നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ മാനിനെ നാട്ടുകാർ രക്ഷപ്പെടുത്തി
1339323
Saturday, September 30, 2023 12:46 AM IST
എരുമപ്പെട്ടി: ചിറ്റണ്ട കണ്ടൻചിറ വനത്തിൽ നിന്നിറങ്ങിയ പുള്ളിമാന്‍ നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു.
പരിക്കേറ്റ മാനിനെ നാട്ടുകാർ രക്ഷപ്പെടുത്തി വനപാലകരെ ഏല്പിച്ചു. കണ്ടൻചിറ വനത്തോടു ചേർന്നുള്ള മൂശേരിക്കുന്ന് കോളനിയിലാണു സംഭവം.
കാട്ടിൽനിന്നും ഇറങ്ങിയ മാനെ നായ്ക്കൾ കൂട്ടമായി ആക്രമിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ബഹളം വച്ചും കല്ലെറിഞ്ഞും നായ്ക്കളിൽനിന്നും മാനിനെ രക്ഷപ്പെടുത്തി.
വാർഡ് മെമ്പർ ഇ.എസ്. സുരേഷിന്റെ നേതൃത്വത്തിൽ ചിറ്റണ്ട പൂങ്ങോട് വനപാലകരെ വിവരം അറിയിക്കുകയും പരിക്കേറ്റ പുള്ളിമാനെ കൈമാറുകയും ചെയ്തു.