രണ്ടര പതിറ്റാണ്ട് കഴിഞ്ഞിട്ടും ഭൂമിയില്ല: ഇനി സമരമെന്ന് ഒളകരയിലെ ആദിവാസികള്‍
1339163
Friday, September 29, 2023 1:38 AM IST
തൃശൂര്‍: ഒരു തുണ്ട് ഭൂമിക്കായി സമരം ചെയ്തും സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങാനും തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ട് പിന്നിട്ടിട്ടും ഇതുവരെ തങ്ങള്‍ക്ക് ഭൂമി കിട്ടിയിട്ടില്ലെന്ന് ഒളകര ആദിവാസികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
രണ്ടു മന്ത്രിമാര്‍ നേരിട്ട് ഇടപെട്ടിട്ടും കളക്ടര്‍ ഉള്‍പ്പെടെ മുന്‍കൈയെടുത്ത് ഉറപ്പുകള്‍ നല്‍കിയിട്ടും ഭൂമിയെന്ന സ്വപ്നം ഇപ്പോഴും യാഥാര്‍ഥ്യമായിട്ടില്ല. ഏറ്റവും ഒടുവില്‍ ഒളകരയില്‍ ഇവര്‍ക്കുള്ള ഭൂമി
നല്കാന് സംയുക്തസര്വേക്കായി തീരുമാനമെടുത്തിരുന്നു. ഈമാസം അതിന്റെ നടപടിയിലേക്കു കടക്കവെ ഭൂമിനല്‍കാനുള്ള തീരുമാനം കോടതി സ്റ്റേ ചെയ്തിരിക്കുകയാണെന്ന് ഒളകരയിലെ ആദിവാസികള്‍ പറഞ്ഞു.
ഒളകരയിലെ 44 ആദിവാസി കുടുംബങ്ങള്‍ക്കു വനഭൂമി നിയമപ്രകാരം ഭൂമി നല്‍കുന്നതിനായി വനത്തിനുള്ളില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍നടപടികളുടെ ഭാഗമായി സംയുക്ത സര്‍വേയും നടത്താന്‍ തീരുമാനിച്ചിരുന്നതായി സമരസമിതി ഭാരവാഹിയായ പി.കെ. രതീഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
എന്നാല്‍ പിന്നീടാണ് ഭൂമി വിതരണം ചെയ്യുന്ന നടപടി ഒരു എന്‍ജിഒയുടെ പരാതിയെത്തുടര്‍ന്ന് സ്റ്റേ ചെയ്തതായി അറിയാന്‍ കഴിഞ്ഞത്.
ഒരുകുടുംബത്തിന് 93.3ഏക്കര്‍ ഭൂമിവച്ച് 44 കുടുംബങ്ങള്‍ക്ക് 41 ഏക്കര്‍ ഭൂമി അളന്ന് നല്കാന് അന്നു തീരുമാനമായിരുന്നു. ഇതേത്തുടര്‍ന്നാണു സര്‍വേ ഉള്‍പ്പെടെ നടന്നത്. ഭൂസമരവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ എടുത്ത കേസുകള്‍ തീര്‍പ്പാക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. എന്നാല്‍ കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി ആദിവാസികള്‍ പറഞ്ഞു. ഇവിടെ ഭൂമിക്ക് അര്‍ഹരായ 44 കുടുംബങ്ങളില്‍ 15 കുടുംബങ്ങള്‍ക്ക് ഒരുസെന്റ് ഭൂമിപോലും സ്വന്തമായി കൈയിലില്ലാത്തവരാണ്.
വനംവകുപ്പാണു തങ്ങള്‍ക്കു ഭൂമി ലഭിക്കാതിരിക്കാന്‍ തടസം നില്‍ക്കുന്നതെന്ന് ഇവര്‍ ആരോപിച്ചു. 2019ല്‍ ട്രൈബല്വകുപ്പില്നിന്ന് അനുവദിച്ച് മൂന്ന് ആട്ടിന്‍കൂടുകള്‍ സ്ഥാപിക്കാനായി നിര്‍മാണം നടക്കുന്ന സമയത്ത് വനംവകുപ്പ് ഇടപെടുകയും ഇവ പൊളിച്ചുമാറ്റുകയും ചെയ്തു. തടസംനിന്നവരെ മര്‍ദിച്ചതായും മാവോയിസ്റ്റുകളാണെന്ന് ആരോപിക്കുകയും ചെയ്തതായി ആദിവാസികള്‍ പറഞ്ഞു. ഊരുമൂപ്പത്തി കെ.വി. മാധവി, എം.ആര്. ബിനു, കെ.ജി. അനിത, പി.വി. ഇന്ദിര എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.