പുതുക്കാട്: ഹരിതകേരളം മിഷൻ നൽകുന്ന ജില്ലയിലെ മികച്ച ഹരിതകർമസേന പ്രവർത്തനത്തിനുള്ള അംഗീകാരം നെന്മണിക്കര ഗ്രാമപഞ്ചായത്തിന്. നെന്മണിക്കര ഹരിതകർമ സേനയിലെ ഷൈജി ജോണി ജില്ലയിൽ ഏറ്റവും അധികം വേതനം കൈപ്പറ്റുന്ന സേനാംഗമായി. ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് നെന്മണിക്കര മാതൃക ഗ്രാമപഞ്ചായത്തായത്.
15 വാർഡുകൾക്കായി 14 സേനാംഗങ്ങൾ മാത്രമാണ് നെന്മണിക്കരയിലുള്ളത്. വനജ, സരോജിനി, സ്മിനി, സ്മിത, അപർണ, ഓമന, നിമ, നിത്യ, രേവതി, ഷൈജി, രെജിത, രാധ, സന്ധ്യ, ഗീത എന്നിവരാണ് നെന്മണിക്കര ഗ്രാമപഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങൾ.
ആറായിരത്തിലേറെ വീടുകളും ആയിരത്തോളം വ്യാപാര സ്ഥാപനങ്ങളുമാണ് പഞ്ചായത്ത് പരിധിയിലുള്ളത്. ഓരോമാസവും 20ന് മുമ്പ് രണ്ടുപേർ വീതമുള്ള സംഘം വാർഡുകളിൽ നിന്നുള്ള മാലിന്യ സംഭരണം പൂർത്തിയാക്കും. 27ന് മുമ്പ് തരംതിരിക്കൽ, അഞ്ചാം തീയതിക്കുള്ളിൽ ക്ലീൻ കേരളയ്ക്ക് കൈമാറുക എന്നതാണ് ഇവിടുത്തെ രീതി.
ഇവിടെ പ്രതിമാസ മാലിന്യ സംഭരണം രണ്ട് ടൺ വരെയുണ്ടാകാറുണ്ട്. ഏറ്റവും കുറഞ്ഞത് 10,000 രൂപയെങ്കിലും കൈപ്പറ്റാത്ത ഒരു സേനാംഗവും നെന്മണിക്കരയിലില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു പറഞ്ഞു.
ഓരോ മാസവും ഗ്രാമപഞ്ചായത്തിൽ ചേരുന്ന അവലോകന യോഗത്തിൽ നിന്നാണ് തുടക്കം. പിന്നീട് ഓരോ ദിവസവും വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ നിരീക്ഷണം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്തംഗങ്ങളുമാണ് സേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. ആഴ്ചയിലൊരിക്കൽ പഞ്ചായത്ത് എൻഫോഴ്സ്മെന്റ് നേതൃത്വത്തിൽ പരിശോധനയും ബോധവത്കരണവും നടത്തുന്നു.