വരന്തരപ്പിള്ളിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കര്‍ഷകന്റെ മൃതദേഹം കണ്ടെത്തി
1337327
Friday, September 22, 2023 12:36 AM IST
വരന്തരപ്പിള്ളി: കുട്ടോലിപ്പാടത്തെ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കര്‍ഷകന്റെ മൃതദേഹം കുറുമാലിപ്പുഴയില്‍നിന്ന് കണ്ടെത്തി. വരന്തരപ്പിള്ളി വടക്കുമുറി തണ്ടാശേരിവീട്ടില് വിജയ(68)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തോട് കുറുമാലിപ്പുഴയില്‍ ചേരുന്ന തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷനു സമീപം മരത്തില്‍ തങ്ങി നില്‍ക്കുകയായിരുന്നു മൃതദേഹം.
പുതുക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സിന്റെ സ്കൂബ സംഘമാണ് മൃതദേഹം കണ്ടെത്തി പുറത്തെടുത്തത്. സ്കൂബ ടീം ഇന്‍ചാര്‍ജ് ശ്രീഹരി, വി.വി. ജിമോദ്, ബി. ദിനേശ് എന്നിവരടങ്ങിയ സംഘമാണ് തെരച്ചില്‍ നടത്തിയത്. എന്‍ഡിആര്‍എഫ് സംഘവും തെരച്ചലിനെത്തിയിരുന്നു.
കുട്ടോലിപ്പാടത്ത് ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന വിജയനെ ചൊവ്വാഴ്ച വൈകിട്ട് മുതലാണ് കാണാതായത്. കഴിഞ്ഞദിവസം ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സംസ്കാരം നടത്തി. ഭാര്യ: ശോഭന, മക്കള്‍: പരേതനായ വിനീഷ്, ജിഷ, വിബീഷ്. മരുമകന്: സുബിന്.