സമ്മർദങ്ങൾക്കു വഴങ്ങി സ്കൂൾ കായികമേളകൾ
1337098
Thursday, September 21, 2023 1:12 AM IST
ടി.എ. കൃഷ്ണപ്രസാദ്
തൃശൂർ: വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ജില്ലാ സ്കൂൾ കായികമേളകൾ നടത്തേണ്ടിവന്നതിന്റെ സമ്മർദത്തിൽ അധ്യാപകർ. ഇതോടെ മികച്ച നിലവാരം പുലർത്താനാകാതെ കായികതാരങ്ങളും.
പലർക്കും സ്വന്തം നിലവാരം കൂട്ടാനായില്ലെന്നാണു മത്സരാർഥികളുടെ പരാതി. സംസ്ഥാന സ്കൂൾ കായികമേള കുന്നംകുളത്താണെന്ന് പറഞ്ഞിരുന്നെങ്കിലും തിയതി പ്രഖ്യാപിച്ചിരുന്നില്ല. രണ്ടുദിവസം മുമ്പാണ് ഒക്ടോബർ 16 മുതൽ 20വരെ നടത്താൻ തീരുമാനിച്ച് വകുപ്പുതല പ്രഖ്യാപനമുണ്ടായത്. ഒക്ടോബർ 25 മുതൽ 30 വരെ നടത്താനിരുന്ന ഹയർസെക്കൻഡറി പരീക്ഷകൾ ഒമ്പതു മുതൽ 13വരെയാക്കി പുനക്രമീകരിക്കുകയും ചെയ്തു.
ഇതിനു മുന്നോടിയായി സെപ്റ്റംബർ അവസാനത്തോടെ തിടുക്കത്തിൽ ജില്ലാതല മത്സരങ്ങൾക്കു വേദിയൊരുക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയിൽ നടത്തിയ തൃശൂർ റവന്യൂ സ്കൂൾ അത്ലറ്റിക് മീറ്റിനും വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്താൻ സാധിച്ചിരുന്നില്ല. ഇന്നലെയാണ് സ്കൂൾ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കംകുറിച്ചത്. ഇതിനായി വേദിയും സജ്ജീകരണങ്ങളും ഒരുക്കാൻ ചുമതലപ്പെട്ടവർക്കു പാടുപെടേണ്ടിവന്നു.
തിടുക്കത്തിലുള്ള തീരുമാനങ്ങളായതിനാൽ മാധ്യമങ്ങൾക്കുപോലും മത്സരങ്ങളുടെ അറിയിപ്പു നല്കാൻ സംഘാടകർക്കു സാധിച്ചില്ല. ഇതോടെ പരിപാടിക്കു വേണ്ടത്ര പ്രചാരം ലഭിച്ചില്ലെന്നു മാത്രമല്ല മത്സരാർഥികൾക്കു മുന്നൊരുക്കങ്ങളും നടത്താനായില്ല. മത്സരാർഥികൾക്കും പെട്ടന്നാണ് അറിയിപ്പു നൽകിയത്.
എന്നിരുന്നാലും നടത്തിയ അത്ലറ്റിക് മത്സരത്തിലും നടന്നുകൊണ്ടിരിക്കുന്ന ഗെയിംസ് മത്സരത്തിലും മത്സരാഥികൾ മുഴുവൻ എത്തുന്നുണ്ടെന്ന് സംഘാടകർ പറഞ്ഞു. ഹയർസെക്കൻഡറി പരീക്ഷ കഴിഞ്ഞ് ദിവസങ്ങൾക്കുശേഷം 16നാണ് സംസ്ഥാന കായികമേള ആരംഭിക്കുന്നത്. പരീക്ഷയ്ക്കിടെ വിദ്യാർഥികൾക്കു പരിശീലനം സാധ്യമാകില്ലെന്നതും ജില്ലാതല മത്സരങ്ങൾ മുൻകൂട്ടി നടത്താൻ സംഘാടകരെ പ്രേരിപ്പിച്ചു. യഥാർഥത്തിൽ സംസ്ഥാനതല കായികമത്സരങ്ങളുടെ പ്രഖ്യാപനം വൈകിയതാണ് ജില്ലാതല മത്സരങ്ങളെ ബാധിച്ചതെങ്കിലും മത്സരങ്ങൾ സംബന്ധിച്ച അനൗദ്യോഗിക പ്രഖ്യാപനങ്ങൾ പലരും രഹസ്യമായി പുറത്തുവിട്ടിരുന്നു.
എന്നാൽ നടക്കുമെന്നു സംഘാടകർക്കുപോലും ഉറപ്പുണ്ടായിരുന്നില്ല. സംസ്ഥാന മത്സരങ്ങൾക്കു മുന്നോടിയായി ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കാൻ സാധിച്ചത് ജില്ലാതലത്തിൽ അതിന്റെ ചുമതല വഹിക്കുന്ന അധ്യാപകരുടെ മികവുകൊണ്ടാണ്.
സർക്കാരിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും നിരുത്തരവാദപരമായ തീരുമാനത്തിൽ അധ്യാപകർക്കു പ്രതിഷേധമുണ്ടെങ്കിലും വഴങ്ങാൻ നിർബന്ധിതരാകുകയായിരുന്നു. സ്പോർട്സ് ചുമതല വഹിക്കുന്ന അധ്യാപകർ അധ്യയനത്തിന്റെയും പരിപാടിയുടെയും സമർദം ഏറ്റെടുത്താണ് കുട്ടികൾക്കായി ജില്ലാതലത്തിൽ വസരങ്ങൾ ഒരുക്കിയത്.
ഇതിനു നേതൃത്വംവഹിക്കുന്ന അധ്യാപകരുടെ പരിചയസന്പന്നതയും ഇച്ഛാശക്തിയുമാണു പരാതികളില്ലാതെ മത്സരങ്ങൾ നടത്താൻ സഹായകരമായത്. സംസ്ഥാനതല കായികമത്സരങ്ങൾ തൃശൂരിൽ കുന്നംകുളത്തു നടത്താനാണ് വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം.
സംസ്ഥാന ഗെയിംസ് മത്സരങ്ങള്‍ക്ക് മറ്റന്നാള്‍ തിരുവനന്തപുരത്ത് തുടക്കമാകും.