കോടാലി - വെള്ളിക്കുളങ്ങര റോഡ് നവീകരണം: മരങ്ങള്‍ മുറിച്ചുമാറ്റിത്തുടങ്ങി
1336441
Monday, September 18, 2023 1:24 AM IST
വെള്ളിക്കുളങ്ങര: കൊടകര-വെള്ളിക്കുളങ്ങര റോഡിലെ കോടാലി മുതല്‍ വെള്ളിക്കുളങ്ങര വരെയുള്ള അഞ്ചുകിലോമീറ്ററോളം മെക്കാഡം ടാറിംഗ് നടത്തി നവീകരിക്കുന്നതിന് മുന്നോടിയായി റോഡരുകിലെ മരങ്ങള്‍ മുറിച്ചു നീക്കി തുടങ്ങി.
കൊടുങ്ങ, മാവിന്‍ചുവട് എന്നിവിടങ്ങളിലെ മരങ്ങളാണ് മുറിക്കുന്നത്. കോടാലി മുതല്‍ വെ ള്ളിക്കുളങ്ങര വരെയുള്ള റോഡ് മെക്കാഡം ടാറിംഗ് നടത്തി നവീകരിക്കുന്നതിന് അഞ്ചുവര്‍ഷം മുമ്പ് 21 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും ഇതുവരെ പണികള്‍ നടക്കാത്തതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്. 12 കിലോമീറ്റര്‍ നീളമുള്ള കൊടകര-വെള്ളിക്കുളങ്ങര റോഡിന്റെ വാസുപുരം വരെയുള്ള ഭാഗം ഒന്നാം ഘട്ടമായും വാസുപുരം മുതല്‍ കോടാലി അന്നാംപാടം വരെയുള്ള ഭാഗം രണ്ടാം ഘട്ടമായും നവീകരിച്ചിരുന്നു.
കോടാലി മുതല്‍ വെള്ളിക്കുളങ്ങര വരെയുള്ള ഭാഗം മൂന്നാം ഘട്ടമായി നവീകരിക്കുന്നതിന് മുന്നോടിയായാണ് മരങ്ങള്‍ മുറിച്ചുനീക്കുന്നതെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. റോഡുവികസനത്തിനായി വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ്ലൈന് മാറ്റാനും നടപടി സ്വീകരിക്കും.