ശാപമോക്ഷം കാത്ത് കോണത്തുപുഴ
1588038
Sunday, August 31, 2025 4:29 AM IST
തൃപ്പൂണിത്തുറ: നഗരഹൃദയത്തിലെ വെള്ളക്കെട്ടിന് പരിഹാരമാകേണ്ട കോണത്ത് പുഴ കരഭൂമി കണക്കെ ചെളി നിറഞ്ഞ് പുല്ലും വള്ളിപ്പടർപ്പുകളും കയറി ഒഴുക്ക് നിലച്ച നിലയിൽ. വിവിധ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റിയുടെയും ജലസമൃദ്ധിക്ക് അടിസ്ഥാനമാകേണ്ട പുഴയാണ് നീരൊഴുക്ക് നിലച്ച് മൃതാവസ്ഥയിലായിരിക്കുന്നത്. പൂത്തോട്ട മുതൽ ഇരുമ്പനം വെട്ടുവേലിക്കടവ് വരെ 18 കിലോമീറ്റർ ദൂരത്തിൽ ഒഴുകുന്നതാണ് കോണത്ത് പുഴ.
പുഴയുടെ സമഗ്രമായ പുനരുദ്ധാരണം സംബന്ധിച്ച നടപടി ക്രമങ്ങൾ ഫയലുകളിലൂടെ ചുറ്റിത്തിരിയുമ്പോൾ താത്ക്കാലികാശ്വാസത്തിനായി പുഴയിൽ നടത്തുന്ന പ്രവൃത്തികൾ പണം മുടക്കുന്ന പാഴ്വേലകളായാണ് മാറുന്നത്. നീരൊഴുക്ക് വർധിപ്പിക്കാനെന്ന പേരിൽ എല്ലാ വർഷവും പുഴയിലെ കാഴ്ച്ചയെത്തുന്ന ഭാഗങ്ങളിൽ പുല്ലും പച്ചയും മാറ്റുന്ന പ്രവൃത്തികൾ നടത്തുന്നുണ്ട്.
ഈ വർഷവും പുഴയിൽ അലിയാർ പാലത്തിന്റെ തെക്കുഭാഗം മുതൽ ചാത്താരി പാലത്തിന്റെ വടക്കു ഭാഗംവരെ പച്ച മാറ്റിയിട്ടുണ്ട്. എന്നാൽ അലിയാർ പാലത്തിന്റെ വടക്കോട്ടുള്ള ഭാഗം ഇപ്പോഴും കരഭൂമി പോലെ കിടക്കുകയാണ്.
അതേ പോലെ തന്നെ ചാത്താരി പാലത്തിന്റെ തെക്കോട്ടുള്ള ഭാഗവും. പുറത്തേയ്ക്കുള്ള നീരൊഴുക്ക് സാധ്യമാകാത്ത വിധത്തിൽ പുഴയുടെ രണ്ട് ഭാഗവും നികന്ന് കിടക്കുമ്പോഴാണ് ശുചീകരണ പ്രവർത്തികൾ എന്ന പേരിൽ റിഫൈനറി റോഡിലെ അലിയാർ പാലത്തിന്റെയും ഹിൽപാലസ് റോഡിലെ ചാത്താരി പാലത്തിന്റെയും മധ്യഭാഗത്ത് മാത്രം പുല്ലും പായലും കോരി മാറ്റിയിരിക്കുന്നത്.
മൂന്നു ഘട്ടങ്ങളിലായി കോടികൾ ചെലവഴിച്ചു നടത്തേണ്ട പുനരുദ്ധാരണ പ്രവൃത്തികളുടെ നടപടിക്രമങ്ങൾ ഒച്ചിഴയും വേഗത്തിലാകുമ്പോഴാണ് വെള്ളക്കെട്ട് ഒഴിവാക്കാനെന്ന കാരണത്താൽ പുഴയിലെ പച്ചയും പായലും കോരി മാറ്റാൻ ലക്ഷങ്ങൾ വർഷാവർഷം ചെലവിടേണ്ടി വരുന്നത്. ഈ മാസം ആദ്യമുണ്ടായ കനത്ത മഴയിൽ കോണത്തു പുഴയുമായി ബന്ധപ്പെട്ട ഭൂപ്രദേശങ്ങളിലെല്ലാം അഭൂതപൂർവമായ വെള്ളക്കെട്ടാണുണ്ടായത്.
തൃപ്പൂണിത്തുറ മെയിൻ റോഡിനോട് ചേർന്നു കിടക്കുന്ന പുതുശേരി നഗറിൽ 35 ഓളം വീടുകളിലാണ് ശുചിമുറി മാലിന്യം നിറഞ്ഞ മലിനജലം തള്ളിക്കയറിയത്. കൈയേറ്റങ്ങൾ ഒഴിവാക്കിയുള്ള കോണത്ത് പുഴയുടെ സമഗ്രമായ പുനരുദ്ധാരണം മാത്രമാണ് പുഴയുടെ പുതുജീവനും ഇവിടെയുള്ള വെള്ളക്കെട്ടിനുമുള്ള പോംവഴി.