കറ്റപ്പാട്ട് കഴിക്കല്‍
1588030
Sunday, August 31, 2025 4:16 AM IST
വടക്കേ മലബാറില്‍ ഓണക്കാലത്തുള്ള ഒരു പ്രധാന കാര്‍ഷിക ആചാരമാണ് കറ്റപ്പാട്ട് കഴിക്കല്‍. വിളയായ വയലുകളിലൂടെ പുള്ളുവര്‍ നല്ല വിളവിനും ഐശ്വര്യത്തിനും വേണ്ടി വീണമീട്ടി പാടുന്ന ചടങ്ങാണിത്. രോഗങ്ങള്‍ ഉണ്ടാകാതെ, കീടങ്ങളുടെ ശല്യമില്ലാതെ ആരോഗ്യമുള്ള നെല്‍ക്കതിരുകള്‍ ഉണ്ടാകട്ടെയെന്ന പ്രാര്‍ഥനകളാണ് പാട്ടുകളിലേത്.
വാരിവിതച്ച വിത്ത് പൊലിക, ഊരിവിട്ട കന്ന് പൊലിക, ഇരുകാലി പൊലിക, നാല്ക്കാലി പൊലിക, ഈ പാടം പൊലിക എന്നിങ്ങനെയാണ് പാട്ട് തുടരുക. പ്രാര്‍ഥിക്കുന്ന പാടം പെറ്റു പെരുകണേയെന്നും പ്രാര്‍ഥനയ്ക്കൊപ്പം കൃഷി ചെയ്യുന്ന കര്‍ഷകനും കന്നുകാലികള്‍ക്കും ഐശ്വര്യം വരട്ടെയെന്നു കൂടി അപേക്ഷിക്കും.
കാള പൊലിക, കലപ്പ പൊലിക എന്നതെല്ലാം കൃഷിയുമായ ബന്ധപ്പെട്ട എല്ലാത്തിനുമുള്ള പ്രാര്‍ഥനയാണ്. പാടവരമ്പത്ത് നാക്കിലയിട്ട് അതിന്മേല് നിലവിളക്ക് കൊളുത്തിയ ശേഷമാണ് പ്രാര്‍ഥന. തുടര്‍ന്ന് വയലിലിറങ്ങി മൂപ്പെത്താത്ത അല്പം കതിരുകള്‍ പൊട്ടിച്ചെടുത്ത് ഇലയില്‍ വച്ച് ചൊല്ലുന്നതാണ് കറ്റപ്പാട്ട് കഴിക്കല്‍.
പുള്ളുവക്കുടത്തിലെ തന്ത്രിയില്‍ മീട്ടി വീണയുടെ അകമ്പടിയോടെയാണ് പാട്ട്. ഭൂമിയെയും സൂര്യനെയും നാഗങ്ങളെയും പാട്ടുകളില്‍ പ്രാര്‍ഥിക്കുന്നു. വിളവിന്റെ ഉല്പാദനം കൂട്ടണേയെന്നതിനൊപ്പം വിളഞ്ഞ നെല്ലിന് എലിശല്യം ഉണ്ടാകാതിരിക്കാനാണ് നാഗങ്ങളെ പ്രാര്‍ഥിക്കുന്നത്.
ഭൂലോകത്ത് കാര്‍ഷികവൃത്തി ആരംഭിച്ചത് ഭഗവതി കൈയാല്‍ വാരി വിത്തുവിതച്ചത് കൊണ്ടാണെന്ന പുരാവൃത്ത കഥനത്തോടെയാണ് കറ്റപ്പാട്ട് ആരംഭിക്കുന്നത്. 100ലധികം വിത്തിനങ്ങള്‍ പൊലിക്കണമെന്ന് പേരുകള്‍ ചൊല്ലി പുള്ളുവര്‍ കറ്റപ്പാട്ടില്‍ പാടും.
നാരോന്‍, നഗരി തൊണ്ണുറാന്‍, ഓടച്ചന്‍, പാല്ക്കഴമ്മ, ഉണ്ണിക്കറുക, തഴുവന്‍ തുടങ്ങി അങ്ങനെ പോകുന്നു പേരുകള്‍... പാട്ടു പാടുന്നവര്‍ക്ക് ദക്ഷിണയും കോടി മുണ്ടും, കതിര്‍കറ്റകളും നല്‍കിയാണ് യാത്രയാക്കുന്നത്. നെല്‍കൃഷി പാടെ ഇല്ലാതാവുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നത് ഇത്തരം അനുഷ്ഠാനങ്ങള്‍ കൂടിയാണ്. പാലക്കാടും ഉത്തര മലബാറില്‍ ചിലയിടത്തും മാത്രമായി കറ്റപ്പാട്ട് കഴിക്കല്‍ ഇന്ന് ചുരുങ്ങിയിരിക്കുന്നു.