ഇതു വെറൈറ്റി പൂക്കളം... കളത്തിൽ പൂക്കളല്ല, പകരം തുണിക്കഷണങ്ങൾ
1588036
Sunday, August 31, 2025 4:16 AM IST
കൊച്ചി: വിവിധ വര്‍ണത്തിലുള്ള തുണികള്‍ നുറുക്കിയെടുത്ത് അതുകൊണ്ട് നിര്‍മിച്ച മനോഹരമായ പൂക്കളം. വെയിലേറ്റ് വാടില്ല, പൂക്കള്‍ വാങ്ങാനായി പണവും മുടക്കേണ്ട... പെരുമ്പാവൂര്‍ ഐമുറി റോഗേഷനിസ്റ്റ് ഫാദേഴ്സ് നടത്തുന്ന സ്മാര്‍ട്ട് ഏഞ്ചല്‍സ് എന്ന സ്ഥാപനത്തിലാണ് ഈ വെറൈറ്റി പൂക്കളം ഒരുക്കിയിരിക്കുന്നത്.
വെസ്റ്റ്മെന്റോയുടെ ഡിസൈനര്‍ അങ്കമാലി സ്വദേശി ജാന്‍സി ടോമിയാണ് പൂക്കള നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. ഒമ്പത് നിറങ്ങളിലുള്ള തുണികള്‍ ചെറിയ കഷണങ്ങളായി വെട്ടിയെടുത്താണ് പൂക്കളുടേതിന് സമാനമായ രീതിയില്‍ പൂക്കളത്തില്‍ ഇട്ടിരിക്കുന്നത്.
പള്ളികളിലേയ്ക്കുള്ള തിരുവസ്ത്രങ്ങളായ കാപ്പ, കാസോക്ക്, അല്‍ബ്, കൊത്തീന, ഓള്‍ട്ടര്‍ ലേസ്, ബാപ്റ്റിസം, ഹോളി കമ്യൂണിയന്‍, വെഡിംഗ് ഡ്രസ് എന്നിവ നിര്‍മിക്കുന്ന വെസ്റ്റ്മെന്റോയും സ്കൂള്‍, ആശുപത്രി യൂണിഫോമുകളും മറ്റും ഓര്‍ഡര്‍ അനുസരിച്ച് ചെയ്തു കൊടുക്കുന്ന സ്മാര്‍ട്ട് ഏഞ്ചല്‍സ് സ്റ്റിച്ചിംഗ് പ്രൊഡക്ഷന്‍ യൂണിറ്റും ബേക്കറികളിലേയ്ക്കുള്ള ഉത്പന്നങ്ങള്‍ മൊത്തമായും ചില്ലറയായും വില്‍ക്കുന്ന ടേസ്റ്റാ എന്ന ഒരു പ്രൊഡക്ഷന്‍ യൂണിറ്റും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവിടെ നിര്‍മിക്കുന്ന വസ്ത്രങ്ങളുടെ വെട്ടുകഷണങ്ങള്‍ ശേഖരിച്ചാണ് മനോഹരമായ തുണിക്കളം നിര്‍മിച്ചിരിക്കുന്നത്. സ്ഥാപനത്തിന്റെ സുപ്പീരിയര്‍ ഫാ. ഷാജന് പാഴായില്‍, ഫാ. മാത്യൂസ്, ഫാ. സ്റ്റാനി, ഫാ. ആല്ബിന് എന്നിവർ പൂക്കളമൊരുക്കലിന് നേതൃത്വം നല്കി.