ഓണക്കാല പാല് പരിശോധനയ്ക്ക് തുടക്കം
1588037
Sunday, August 31, 2025 4:29 AM IST
കൊച്ചി: ഓണക്കാലത്ത് പാലിന്റെ ഉപഭോഗം കൂടുന്ന സാഹചര്യത്തില്‍ ക്ഷീരവികസന വകുപ്പിന്റെ ജില്ലാ ക്വാളിറ്റി കണ്ട്രോള് യൂണിറ്റ് നേതൃത്വത്തില്‍ പാല് പരിശോധന ക്യാമ്പ് ആരംഭിച്ചു. സെപ്റ്റംബര്‍ മൂന്ന് വരെയാണ് ക്യാമ്പ്. ഓണക്കാലത്ത് ജില്ലയില്‍ മാത്രം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ലിറ്റര്‍ പാലാണ് എത്തിച്ചേരുന്നത്. ഇത് കണക്കിലെടുത്താണ് ക്യാമ്പ്.
കാക്കനാട് സിവില്‍ സ്റ്റേഷനില്‍ തുടങ്ങിയ ക്യാമ്പിന്റെയും ക്വാളിറ്റി ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെയും ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജി.പ്രിയങ്ക നിര്‍വഹിച്ചു. പൊതുവിപണിയില്‍ ലഭ്യമായ പല കമ്പനികളുടെയും പാലിന്റെ ഗുണനിലവാരം മനസിലാക്കാനും സംശയനിവാരണത്തിനുമായി ക്ഷീരവികസന വകുപ്പ് നടപ്പിലാക്കുന്ന ഈ പദ്ധതി ജനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് കളക്ടര്‍ പറഞ്ഞു.
സിവില്‍ സ്റ്റേഷനിലെ അഞ്ചാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാളിറ്റി കണ്ട്രോള് യൂണിറ്റില്‍ വിപണിയില്‍ ലഭ്യമായ വിവിധ ബ്രാന്‍ഡുകളിലെ പാല് സൗജന്യമായി പരിശോധിച്ചറിയുന്നതിനും പാലിന്റെ ഗുണനിലവാരം സംബന്ധിച്ച സംശയങ്ങള്‍ തീര്‍ക്കുന്നതിനുമുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിശോധനയ്ക്കുള്ള പാല് സാമ്പിളുകള്‍ 200 മില്ലിലിറ്ററില്‍ കുറയാത്ത രീതിയിലും പാക്കറ്റ് പാല് പൊട്ടിക്കാത്ത രീതിയിലും കൊണ്ടു വരേണ്ടതാണ്. ഫോൺ: 0484 2425603.