പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാരിൽ നിന്നും പിടികൂടിയത് 10 കിലോ കഞ്ചാവ്
1576491
Thursday, July 17, 2025 5:04 AM IST
പെരുമ്പാവൂർ: 10 കിലോ കഞ്ചാവുമായി നാല് ഇതര സംസ്ഥാനക്കാർ പിടിയിൽ. ഒഡീഷ കണ്ടമാൽ പടെരിപ്പട സീതാറാം ദിഗൽ (43), പൗളാ ദിഗൽ (45), ജിമി ദിഗൽ (38), രഞ്ജിത ദിഗൽ എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച പുലർച്ചെ പെരുമ്പാവൂർ വട്ടക്കാട്ടുപടിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഒഡീഷയിൽനിന്ന് ട്രെയിൻ മാർഗമാണ് ആലുവയിൽ എത്തിയത്. അവിടെനിന്ന് പെരുമ്പാവൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ ശേഷം ഓട്ടോറിക്ഷയിൽ വട്ടക്കാട്ടുപടിയിലുള്ള താമസസ്ഥലത്തേക്ക് വരുന്ന വഴിയാണ് ഇവർ അന്വേഷണ സംഘത്തിന്റെ വലയിലായത്.
സീതാറാമും പൗളാ ദിഗലും സഹോദരങ്ങളാണ്. ഇവരുടെ ഭാര്യമാരാണ് പിടിയിലായ സ്ത്രീകൾ. ഒഡീഷയിൽനിന്നു കിലോയ്ക്ക് 3000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ 25000 രൂപയ്ക്ക് വില്പന നടത്തി തിരിച്ചുപോവുകയാണ് ഇവരുടെ രീതി.
മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം കേരളത്തിൽ കഞ്ചാവുമായി എത്തും. സംശയം തോന്നാതിരിക്കാൻ വട്ടക്കാട്ടുപടിയിൽ വാടക വീട് എടുത്തിരുന്നു. പ്ലൈവുഡ് കമ്പനിയിൽ ജോലിക്കെന്ന വ്യാജേനയാണ് ഇവിടെ എത്തിയിരുന്നത്. ഇവരിൽനിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.