കെ.വി. തോമസിനെതിരെ വീണ്ടും പോക്സോ കേസ്
1576474
Thursday, July 17, 2025 4:37 AM IST
കോതമംഗലം : പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന സിപിഎം നേതാവും നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്ന കുടിയാറ്റ് കെ.വി. തോമസിനെതിരെ (58) വീണ്ടും പോക്സോ കേസ്.
പത്താം ക്ലാസ് വിദ്യാർഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്പോഴാണ് പ്ലസ് ടു വിദ്യാർഥിനി കെ.വി തോമസിനെതിരെ മൊഴി നൽകിയത്. കഴിഞ്ഞ ദിവസം ചൈൽഡ് ലൈൻ വഴി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കോതമംഗലം പോലീസ് കേസെടുത്തു.
സംഭവം നടന്നത് മറ്റൊരു സ്റ്റേഷൻ പരിധിയിലായതുകൊണ്ട് പ്രാഥമിക അന്വേഷണ ശേഷം കേസ് അവിടേക്ക് കൈമാറും. രണ്ടാമത്തെ കേസിൽകൂടി അറസ്റ്റ് രേഖപ്പെടുത്തുന്നതോടെ കെ.വി. തോമസിന് ജാമ്യം വൈകാനാണ് സാധ്യത. കെ.വി തോമസിനെതിരായ കേസുകളുടെ എണ്ണം കൂടുന്നത് സിപിഎമ്മിനും നാണക്കേടായിയിരിക്കുകയാണ്.
മുന്‍പ് ബന്ധുവായ യുവതിയെ പീഡിപ്പിച്ചുവെന്ന കേസ് ഉണ്ടായിട്ടും കെ.വി തോമസിനെ കൈവിടാതെ ഒപ്പം നിർത്തിയതാണ് പാർട്ടിക്കും തിരിച്ചടിയായി മാറിയതെന്ന് ഒരു വിഭാഗം നേതാക്കൾ ചൂണ്ടികാണിക്കുന്നു. ഈ കേസുണ്ടായശേഷം നടന്ന പാർട്ടി സമ്മേളനത്തിലാണ് തോമസിനെ ലോക്കൽ കമ്മിറ്റിയംഗമാക്കിയത്.
ഇപ്പോൾ തോമസിനെ പൂർണമായും തള്ളിപ്പറഞ്ഞാണ് സിപിഎം നേതൃത്വം പ്രതിരോധം തീർക്കുന്നത്. കേസുണ്ടായി ഉടൻതന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും നഗരസഭ കൗണ്‍സിലർ സ്ഥാനം രാജിവയ്പ്പിക്കുകയും ചെയ്തിരുന്നു.