പറവൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
1576458
Thursday, July 17, 2025 4:29 AM IST
പറവൂർ: മൂത്തകുന്നം-പറവൂർ റോഡിന്റെ ശോചനീയവസ്ഥമൂലം സർവീസുകൾ സമയബന്ധിതമായി നടത്താൻ കഴിയുന്നില്ലെന്ന് ആരോപിച്ച് പറവൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തി. ഇതുമൂലം നൂറുകണക്കിന് യാത്രക്കാർ വലഞ്ഞു.
പറവൂർ പാലം മുതൽ കോട്ടപ്പുറം പാലം വരെയുള്ള ഭാഗത്താണ് റോഡ് പൂർണമായും തകർന്നിരിക്കുന്നത്. ആലുംമാവ് മുതൽ പട്ടണം കവല വരെയുള്ള ഭാഗം കുണ്ടും കുഴിയുമായതിനാൽ വലിയ വാഹനങ്ങൾ പോലും പണിപ്പെട്ടാണ് കടന്നുപോകുന്നത്. ഇതോടെ ഈ ഭാഗത്ത് വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇതുമൂലം ബസ് സർവീസുകൾ സമയക്രമം പാലിച്ച് സർവീസ് നടത്താനാകുന്നില്ല.
പറവൂരിൽനിന്ന് കൊടുങ്ങല്ലൂരിലേക്ക് 30 മിനിറ്റാണ് ഓടിയെത്താൻ അനുവദിച്ചിട്ടുള്ളത്. എന്നാൽ 50 മിനിറ്റ് എടുത്താലും എത്താൻ സാധിക്കാത്ത സ്ഥിതിയാണ്. സമയം സംബന്ധിച്ച് ബസ് ജീവനക്കാർ തമ്മിലും പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. റോഡിൽ രൂപപ്പെട്ട വലിയ കുഴികളിൽ ഇറങ്ങുമ്പോൾ എതിർ ദിശയിൽ വരുന്ന ഇരുചക്രവാഹനങ്ങളിലും മറ്റും സഞ്ചരിക്കുന്നവരുടെ ദേഹത്തേക്ക് വെള്ളം തെറിച്ചു വീഴുന്നതും തർക്കത്തിന് കാരണമാകുന്നുണ്ട്.
ബുധൻ രാവിലെ മുനമ്പം കവലയിൽ ഒരു ബസ് ബ്രേക്ക് ഡൗണായി. കുര്യാപ്പിള്ളിയിൽ ദേഹത്ത് വെള്ളം തെറിച്ചതിനെതുടർന്ന് ഇരുചക്ര വാഹനക്കാരനും ബസ് ഡ്രൈവറുമായി വാക്കേറ്റമുണ്ടായി. ഇതോടെയാണ് സർവീസ് നിർത്തിവക്കാൻ തീരുമാനിച്ചത്. വലിയ കുഴികളിൽ ചാടുന്നതിനാൽ തകരാർ സംഭവിച്ച് സർവീസ് നിർത്തിവയ്ക്കേണ്ട സ്ഥിതിയാണെന്നും ഇത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ടെന്നും ബസുടമകൾ പറഞ്ഞു.
പുതിയ ദേശീയപാത 66 നിർമിക്കാനായി കരാർ ഏറ്റെടുത്ത കമ്പിനിക്കാണ് നിലവിലെ റോഡിന്റെ അറ്റകുറ്റപ്പണിയുടെ ചുമതല. എന്നാൽ സമയബന്ധിതമായി അത് നിർവഹിക്കാൻ അവർ തയാറാകുന്നില്ല. മൂത്തകുന്നം മുതൽ ഇടപ്പിള്ളി വരെയുള്ള നിലവിലെ റോഡിന്റെ തകർച്ച അടിയന്തരമായി പരിഹരിക്കണമെന്ന് കഴിഞ്ഞ ദിവസം മന്ത്രി പി. രാജീവിന്റെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു.
എന്നാൽ ദേശീയപാത അഥോറിറ്റിയുടെ അനാസ്ഥ മൂലം കാര്യങ്ങൾ നീങ്ങുന്നില്ല. റോഡിന്റെ തകർച്ച പരിഹരിച്ചാൽ മാത്രമേ ഇനി സർവീസ് പുനരാരംഭിക്കാനാകു എന്ന നിലപാടിലാണ് ഉടമകളും ജീവനക്കാരും.