പഴകിയ അരിയുടെ ഉച്ചഭക്ഷണം നൽകിയതായി പരാതി
1576457
Thursday, July 17, 2025 4:29 AM IST
പറവൂർ: ചേന്ദമംഗലം ഗവ.എൽപി സ്കൂളിൽ ചൊവ്വാഴ്ച വിദ്യാർഥികൾക്കു നൽകിയത് പഴകിയ അരിയുടെ ഉച്ചഭക്ഷണമാണെന്നു പരാതി. ഏതാനും ചില കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ രക്ഷിതാക്കൾ ഇന്നലെ പരാതിയുമായി സ്കൂളിലെത്തി. വിദ്യാലയത്തിൽ സൂക്ഷിച്ചിരുന്ന അരിച്ചാക്കുകൾ പരിശോധിച്ചപ്പോൾ പുഴുവിനെയും ഉച്ചിനെയും കണ്ടെത്തി.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്കൂളിലെത്തി അരി സൂക്ഷിച്ചിരുന്ന ഗോഡൗൺ പൂട്ടുകയും കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു. സ്കൂളിന് പുറത്തു സമരം ചെയ്യണമെന്ന് ഏതാനും ഡിവൈഎഫ്ഐ പ്രവർത്തകർ ആവശ്യപ്പെട്ടതു തർക്കത്തിനിടയാക്കി. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ദുർഗന്ധവും മറ്റും ഉണ്ടായതിനാൽ ചൊവ്വാഴ്ച നൽകിയ ഉച്ചഭക്ഷണം പല കുട്ടികളും പൂർണമായി കഴിച്ചില്ലെന്നു രക്ഷിതാക്കൾ പറഞ്ഞു.
വയറിന് അസ്വസ്ഥതകൾ പ്രകടിപ്പിച്ച ഏതാനും ചില വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സതേടി. സപ്ലൈകോയിൽനിന്നു വിദ്യാലയത്തിൽ എത്തിച്ച അരിച്ചാക്കുകളിൽ വിളവെടുപ്പു നടത്തിയ ‘ക്രോപ് ഇയർ 2023-2024’ എന്നു മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. പാക്ക് ചെയ്ത മാസവും തീയതിയും എക്സ്പയറി തീയതിയും ഇല്ല.
ജൂൺ മാസത്തിൽ കൊണ്ടുവന്ന അരിയും ഒരാഴ്ച മുൻപ് എത്തിച്ച അരിയും സ്കൂളിൽ ഉണ്ടായിരുന്നു. ജൂൺ മാസത്തിൽ കൊണ്ടുവന്ന അരിക്ക് നിറവ്യത്യാസമുണ്ട്. സ്കൂളിലെത്തിയ ഫുഡ് ആൻഡ് സേഫ്റ്റി അധികൃതർ എല്ലാ അരിച്ചാക്കുകളും അഴിച്ചു പരിശോധിക്കുകയും ജൂണിൽ കൊണ്ടുവന്ന അരി മോശമാണെന്നു വ്യക്തമാക്കുകയും ചെയ്തു.
പ്രശ്നം രൂക്ഷമായതോടെ പുറത്തുനിന്നു വേറെ അരി വാങ്ങി കൊണ്ടുവന്നാണ് ഇന്നലെ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകിയത്. എന്നാൽ ദുർഗന്ധം എന്നതു റേഷൻ അരിയുടേതായ മണമായിരുന്നെന്നും ഭക്ഷണം കഴിച്ചപ്പോൾ കാര്യമായ പ്രശ്നം തോന്നിയില്ലെന്നും ദുർഗന്ധം തോന്നിയ അരിയുടെ ചോറ് കുട്ടികൾക്കു കൊടുക്കാതെ മാറ്റിയിരുന്നെന്നുമാണ് സ്കൂളിലെ പ്രധാനാധ്യാപിക പറയുന്നത്. ഇന്നത്തേക്ക് ഉച്ചഭക്ഷണം തയാറാക്കാനുള്ള പുതിയ അരി സപ്ലൈകോ അധികൃതർ ഇന്നലെ വൈകിട്ടോടെ സ്കൂളിൽ എത്തിച്ചിട്ടുണ്ട്.
സ്കൂളിൽ ഉച്ചഭക്ഷണത്തിനായി വിതരണം നടത്തിയ അരിയിൽ പുഴുവിനെയും ഉച്ചിനെയും കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നു ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഫ്രാൻസിസ് വലിയപറമ്പിലും ചേന്ദമംഗലം മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് മനോഹറും ആവശ്യപ്പെട്ടു. ജൂൺ അവസാനം ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയിൽ ഗുഡ് സർട്ടിഫിക്കറ്റ് നൽകിയ അരി ഇപ്പോൾ മോശമാണെന്നു പറയുന്നത് പരിശോധനയുടെ വിശ്വാസ്യത സംശയത്തിലാക്കുന്നു.
അരി നിറച്ച ചാക്കിൽ തീയതിയോ മാസമോ കാണാത്തതു തട്ടിപ്പിന്റെ ആഴം കൂട്ടുന്നു. വൻകിട കച്ചവടക്കാരും സിവിൽ സപ്ലൈസും തമ്മിലുള്ള ഒത്തുകളിയാണ് ഇതിനു പിന്നിലെന്നു കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന്
പറവൂർ: ചേന്ദമംഗലം ഗവ. എൽപി സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ. ഒരു മാസം മുമ്പ് ചില കുട്ടികൾക്ക് പനി ബാധിച്ചിരുന്നു. അന്നും സമാന രീതിയിലുള്ള തെറ്റായ പ്രചാരണങ്ങൾ നടന്നതിനെതുടർന്ന് ഫുഡ് ആന്ഡ് സേഫ്റ്റി അധികൃതർ സാമ്പിളുകൾ ശേഖരിക്കുകയും കുട്ടികൾക്ക് നൽകിയ ഭക്ഷണത്തിന് അപാകതയില്ലെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ ഉച്ചിനെ കണ്ടതായും മണം ഉണ്ടായിരുന്നതായും കുട്ടികൾ വീടുകളിൽ അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സപ്ലൈക്കോയിൽനിന്ന് വിതരണം ചെയ്ത അരിച്ചാക്കുകളിൽ ചിലതിൽ ഉച്ചിനെ കണ്ടെത്തിയിട്ടുണ്ട്. പഴക്കംചെന്ന അരിയാണെന്ന് മനസിലായതിനെതുടർന്ന് സപ്ലൈക്കോ ഇത് തിരിച്ചെടുത്ത് പകരം ഗുണമേന്മയുള്ള അരിയും ഭക്ഷ്യവസ്തുക്കളും നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്കൂളിനെ തകർക്കാനുള്ള നീക്കങ്ങൾ പ്രതിരോധിക്കണമെന്നും കുട്ടികൾക്ക് ഗുണമേന്മയുള്ള ഭക്ഷണം നൽകുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.