മെഡിക്കൽ കോളജിൽനിന്നു രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു
1576466
Thursday, July 17, 2025 4:29 AM IST
കളമശേരി: മെഡിക്കൽ കോളജിൽനിന്ന് രോഗിയുമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയ ആംബുലൻസ് മറിഞ്ഞ് രോഗിക്ക് കൂടുതൽ പരിക്ക്. വിദഗ്ധ ചികിത്സയ്ക്ക് വയോധികനുമായി പോയ ആംബുലൻസാണ് മറിഞ്ഞത്.
കളമശേരി കാക്കനാട് റോഡിൽ തോഷിബക്ക് സമീപത്തെ യൂട്ടേണിൽ ഇന്നലെ ഉച്ചക്ക്12.30 ഓടെയാണ് സംഭവം നടന്നത്. എച്ച്എംടി റോഡിൽനിന്നു വന്ന് യുട്ടേൺ തിരിയുകയായിരുന്ന വാഹനത്തിൽ തട്ടി വട്ടം കറങ്ങി ആംബുലൻസ് അതെ റോഡിൽതന്നെ മറിയുകയായിരുന്നു. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെ മറ്റൊരു വാഹനത്തിൽ മെഡിക്കൽ കോളജിലേക്ക് മാറ്റി. രോഗിയുടെകൂടെ ഉണ്ടായിരുന്ന രണ്ട് പേർക്കും കാര്യമായ പരിക്കില്ല.
തൊട്ടടുത്ത് ട്രാൻസ്ഫോർമറും ബസ് കാത്തിരിപ്പ് കേന്ദ്രവും ഉണ്ടായിരുന്നു. അതിൽ ഒന്നും തട്ടാതെ തലനാരിഴക്കാണ് വൻദുരന്തം ഒഴിവായത്. യുട്ടേൺ ഉന്നത അധികാരികൾ ഇടപെട്ട് അടപ്പിച്ചതാണ്. നാട്ടുകാർ അത് പൊളിച്ചുമാറ്റിയാണ് യുട്ടേൺ പുനസ്ഥാപിച്ചത്.
പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. എച്ച്എംടി മെഡിക്കൽ കോളജ് റോഡിൽ മണിക്കുറുകൾ നീണ്ട ഗതാഗത തടസവുമുണ്ടായി.