കുടിവെളളത്തിൽ അണുബാധ; 35 വിദ്യാർഥികൾ ചികിത്സ തേടി
1576485
Thursday, July 17, 2025 4:52 AM IST
കാക്കനാട്: തൃക്കാക്കരയിലെ സ്വകാര്യ ഹോസ്റ്റൽ കാന്റീനിലെ കുടിവെള്ളത്തിൽ നിന്നുളള അണുബാധയെ തുടർന്ന് 35 വിദ്യാർഥികൾ ചികിത്സ തേടി. തൃക്കാക്കര പൈപ്പ് ലൈൻ ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന ജർമൻ ഭാഷാപഠന സ്ഥാപനത്തിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
ശനിയാഴ്ച മുതൽ വിദ്യാർഥികളിൽ ചിലർ പനി, ഛർദ്ദി വയറിളക്കം, തുടങ്ങിയ രോഗലക്ഷണങ്ങളുമായി കളമശേരി മെഡിക്കൽ കോളജ് , ബിആൻഡ്ബി ആശുപത്രി, തൃക്കാക്കര സഹകരണ ആശുപത്രി, തൃക്കാക്കര പബ്ലിക് ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ ചികിൽസ തേടിയിരുന്നു.
25 പെൺകുട്ടികളും 10 ആൺകുട്ടികളുമാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. തൃക്കാക്കര നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ആസിഫ്,പബ്ലിക് ഹെൽത്ത് സെന്റെർ ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ കോളജ് ഹോസ്റ്റലിൽ ഉൾപ്പടെ പരിശോധന നടത്തി. കുടിവെള്ള സാമ്പളുകൾ ശേഖരിച്ചിട്ടുണ്ട്.
മഴക്കാലമായതോടെ വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലുകളുടെ എണ്ണം പെരുകിയിട്ടുണ്ട്. കാക്കനാടും പരിസരങ്ങളിലുമായി രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന ഭക്ഷ്യ തട്ടുകടകളിലും മലിനജലം ഉപയോഗിക്കുന്നതായി പരാതിയുണ്ട് .