സെക്യൂരിറ്റിക്ക് മർദനം: യൂത്ത് കോൺഗ്രസ് നേതാവിനെതിരെ സംഘടനാ നടപടിക്ക് ശിപാർശ
1576468
Thursday, July 17, 2025 4:37 AM IST
ആലുവ: ചെമ്പകശേരി കവലയിലെ സൂപ്പർ മാർക്കറ്റിന് മുന്നിൽ വാഹനം പാർക്ക് ചെയ്യുന്നത് സംബന്ധിച്ച തർക്കത്തിനിടെ വയോധികനെ ക്രൂരമായി മർദിച്ച യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ ജില്ലാ കോ ഓർഡിനേറ്റർ കുട്ടമശേരി സൂര്യാനഗറിൽ കുന്നത്ത് വീട്ടിൽ (കോളായിൽ) കെ.ബി. നിജാസിനെതിരെ സംഘടനാപരമായ നടപടിയെടുക്കുമെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ഭാരവാഹികൾ അറിയിച്ചു. ഇത് ഡിസിസി പ്രസിഡന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായും ഭാരവാഹികൾ അറിയിച്ചു.
അതേസമയം ആലുവ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കെ.ബി. നിജാസിനെ ഇന്നലെ രാവിലെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു. തിങ്കളാഴ്ച്ച വൈകിട്ടായിരുന്നു സംഭവം നടന്നത്.
മർദനമേറ്റ ആലുവ ആശാൻ ലൈനിൽ അന്നപ്പിള്ളി വീട്ടിൽ ബാലകൃഷ്ണനെ (73) ചൊവ്വാഴ്ച്ച വൈകിട്ട് നാല് മുതൽ ഒമ്പത് വരെ മൊഴിയെടുക്കാനെന്ന പേരിൽ പോലീസ് സ്റ്റേഷനിൽ നിർത്തിയത് വിവാദമായി. മർദിക്കുന്ന വീഡിയോ പുറത്തുവിട്ടതിൽ പ്രകോപിതരായാണ് പോലീസ് വാദിയെ കാത്തുനിർത്തിച്ചതെന്നാണ് ആരോപണം.