യുവാവിനെ സംഘം ചേർന്ന് മർദിച്ചതായി പരാതി
1576465
Thursday, July 17, 2025 4:29 AM IST
പറവൂർ: യുവാവിനെ സംഘം ചേർന്ന് മർദിച്ചതായി പരാതി. ഗോതുരുത്ത് ആലുങ്കത്തറ അതുൽ ബിജു (22)വിനാണ് മർദനമേറ്റത്. ചൊവ്വ രാത്രി 12നായിരുന്നു സംഭവം. വീട്ടിൽനിന്നു പറവൂർ ടൗണിലേക്ക് ബൈക്കിൽ പോകുകയായിരുന്ന അതുലിനെ ചേന്ദമംഗലം പാലിയംനടയിൽ ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. തുടർന്ന് അവരുടെ വാഹനത്തിൽ കയറ്റി കിഴക്കുംപുറത്ത് കൊണ്ടുപോയി കെട്ടിയിട്ട് മർദിക്കുകയും ചെയ്തു.
ശരീരമാസകലം തല്ലിയ പാടുകളുണ്ട്. ഇതിനു ശേഷം ഇവർ അതുലിനെ വിട്ടയച്ചു. വീട്ടിലെത്തിയ അതുൽ കുടുംബാംഗങ്ങളോട് സംഭവം പറഞ്ഞിരുന്നില്ല. ഞാറയ്ക്കൽ ബോച്ചേയുടെ ഹോട്ടലിൽ ജീവനക്കാരനായ അതുൽ ബുധൻ രാവിലെ പതിവുപോലെ ജോലിക്കു പോയി. ജോലി സ്ഥലത്തെ ജീവനക്കാർ ശരീരത്തിലേറ്റ പരിക്ക് കണ്ടതിനെതുടർന്ന് വിവരം വീട്ടിലറിയിക്കുകയും വൈകിട്ട് പറവൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
പട്ടികജാതി വിഭാഗക്കാരനായ അതുലിനെ സംഘം ചേർന്ന് ക്രൂരമായി മർദിക്കാനുള്ള കാരണം വ്യക്തമല്ല. പാലിയംനട കേന്ദ്രീകരിച്ച് രാത്രികാലങ്ങളിൽ തമ്പടിക്കാറുള്ള ലഹരി മാഫിയ സംഘമാണോ ആക്രമണത്തിന് പിന്നിലെന്ന് സംശയമുണ്ട്. അതുലിന്റെ മൊബൈൽ ഫോൺ, പഴ്സ് എന്നിവയും അക്രമി സംഘം കവർന്നിട്ടുണ്ട്.