ചെറുപുഷ്പ മിഷൻലീഗ് കോതമംഗലം രൂപത വാർഷികവും കൗൺസിലും
1576481
Thursday, July 17, 2025 4:52 AM IST
മൂവാറ്റുപുഴ : ചെറുപുഷ്പ മിഷൻ ലീഗ് കോതമംഗലം രൂപത 61-ാമത് വാർഷികവും 62-ാമത് കൗണ്‍സിലും മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂളിൽ നടന്നു. കോതമംഗലം രൂപതാധ്യക്ഷൻ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് സജിൽ ജോർജ് കല്ലപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെറി ജി. അറയ്ക്കൽ പ്രവർത്തനവർഷ റിപ്പോർട്ടും ജനറൽ ഓർഗനൈസർ ജിജോ തോമസ് മാർഗരേഖയും അവതരിപ്പിച്ചു.
മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. പോൾ ചൂരത്തൊട്ടി അനുഗ്രഹപ്രഭാഷണം നടത്തി. രൂപത ഡയറക്ടർ ഫാ മാത്യു രാമനാട്ട്, വൈസ് പ്രസിഡന്റ് റോഷ്നി ബി. കരിന്പനിയിൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ അടുത്ത ഏപ്രിൽ നടക്കുന്ന ജെൻസ് ടീൻസ് കോണ്‍ഫറൻസ് ലോഗോ പ്രകാശനം ചെയ്തു.
കഴിഞ്ഞ പ്രവർത്തന വർഷത്തിൽ നടന്ന വിവിധ മത്സരങ്ങളുടെ സമ്മാനവും 2024-25 പ്രവർത്തന വർഷത്തിലെ ഏറ്റവും മികച്ച ശാഖകൾക്കും മേഖലകൾക്കുമുള്ള മിഷൻ സ്റ്റാർ, സിൽവർ സ്റ്റാർ, ഗോൾഡൻ സ്റ്റാർ എന്നീ പുരസ്കാരങ്ങളും യോഗത്തിൽ വിതരണം ചെയ്തു. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികരും സിസ്റ്റേഴ്സും ആയിരത്തോളം മിഷൻലീഗ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.