ഡിജിറ്റൽ പത്രം ഇറക്കി കുമ്പളങ്ങി സെന്റ് ജോർജ് സ്കൂൾ
1576469
Thursday, July 17, 2025 4:37 AM IST
ഫോർട്ടുകൊച്ചി: കുട്ടികളിലുള്ള കഴിവുകൾ അഭ്യസിപ്പിക്കുവാനും എഴുത്തും വായനയും പരിപോഷിപ്പിക്കുവാനും സ്കൂളിലെ പ്രോഗ്രാമുകൾ സമൂഹത്തെ അറിയിക്കുവാനുമായി ഡിജിറ്റൽ പത്രം ഇറക്കി കുമ്പളങ്ങി സെന്റ് ജോർജ് എൽപി സ്കൂൾ മാതൃകയായി. ഒരു മാസത്തിൽ ഒരു പതിപ്പ് എന്ന രീതിയിലാണ് പത്രം ഇറക്കുന്നത്.
വിദ്യാജ്യോതി എന്ന പേരിൽ ഇറക്കുന്ന പത്രത്തിൽ കനിവിന്റെ കൈതാങ്ങുകൾ, ലഹരിക്കെതിരെയുള്ള ബോധവത്കരണം, പരിസ്ഥിതി സംരക്ഷണം, യോഗ, സംഗീത പരിപാടികൾ, സ്കൂൾ മുറ്റത്തെ കൃഷി പരിപാലനം തുടങ്ങിയ പംക്തികൾ ഉൾപ്പെടുത്തിയാണ് ആദ്യ കോപ്പി തയാറാക്കിയിരിക്കുന്നതെന്ന് പ്രധാനാധ്യാപിക സോണി ബെയ്സിൽ അറിയിച്ചു.
വിദ്യാജ്യോതി ഡിജിറ്റൽ പത്രത്തിന്റെ ആദ്യ കോപ്പി സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുത്തംപുരയ്ക്കൽ ബാങ്ക് സെക്രട്ടറി മരിയ ലിജിക്ക് ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്തു. കുന്പളങ്ങി സഹകരണ ബാങ്ക് പ്രസിഡന്റ് നെൽസൺ കോച്ചേരി അധ്യക്ഷത വഹിച്ചു.