കൂത്താട്ടുകുളം - പാലാ റോഡിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു
1576476
Thursday, July 17, 2025 4:37 AM IST
കൂത്താട്ടുകുളം : കൂത്താട്ടുകുളം - പാലാ റോഡിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. മംഗലത്തുതാഴം മുതൽ രാമപുരം കവല വരെയുള്ള റോഡിന്റെ വിവിധ ഭാഗങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടതിനെ തുടർന്നാണ് അറ്റകുറ്റപ്പണികൾ ആരംഭിച്ചത്.
എന്നാൽ മഴ കനത്തതോടെ നിർമാണം ദിവസങ്ങളായി മുടങ്ങി കിടക്കുകയായിരുന്നു. റോഡിലെ അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ പ്രതികൂല കാലാവസ്ഥയായിരുന്നിട്ടും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്നലെ നിർമാണം പുന ക്രമീകരിക്കുകയായിരുന്നു.
റോഡിലെ കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യത്തിൽ ടാർ മിശ്രിതം ഉപയോഗിച്ച് കുഴികൾ അടയ്ക്കാൻ കഴിയാത്ത അവസ്ഥയാണ്. ടാറിംഗിലെ ബിസി ലയർ അധികമായി ഇളകിപ്പോയ ഭാഗത്തെ പ്രതലം ജെസിബി ഉപയോഗിച്ച് ഇളക്കിമാറ്റിയ ശേഷം അതേ മിശ്രിതം കുഴികൾക്ക് മുകളിൽ നിരത്തുകയാണ് നിലവിൽ ചെയ്തിട്ടുള്ളത്.
കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യത്തിൽ ഇവ റോഡിൽ നിന്നും നീക്കം ചെയ്ത റോഡ് പൂർവസ്ഥിതിയിലാക്കും. പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെയും നഗരസഭാംഗങ്ങളുടെയും മേൽനോട്ടത്തിലാണ് അറ്റകുറ്റപ്പണികൾ നടന്നത്.