‘സഹകരണ സംഘങ്ങളുടെ ക്ലാസിഫിക്കേഷൻ നടപടികൾ അടിയന്തരമായി പരിഷ്കരിക്കണം’
1576459
Thursday, July 17, 2025 4:29 AM IST
നെടുമ്പാശേരി: സഹകരണ മേഖലയിൽ മിസലെനിയസ് സഹകരണ സംഘങ്ങളുടെ ക്ലാസിഫിക്കേഷൻ നടപടികൾ പരിഷ്കരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സഹകരണ സംഘങ്ങളുടെ കോ ഓർഡിനേഷൻ കമ്മിറ്റി ആലുവ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. മറ്റ് പ്രാഥമിക സഹകരണ സംഘങ്ങൾക്ക് നിരവധി തവണയായി ക്ലാസിഫിക്കേഷൻ പുതുക്കി നൽകിയെങ്കിലും മിസലെനിയസ് സംഘങ്ങളോട് തികഞ്ഞ അവഗണനയാണ് ഇക്കാര്യത്തിൽ കാണിക്കുന്നതെന്ന് സമ്മേളനം കുറ്റപ്പെടുത്തി.
ഇതോടൊപ്പം ശ്രീറാം കമ്മിറ്റി ശിപാർശ ചെയ്ത മിസലെനിയസ് സംഘങ്ങളുടെ അപെക്സ് സംവിധാനത്തിന് രൂപം നൽകുക, പിഎസ്സി നിയമന സംവരണം പുനസ്ഥാപിക്കുക, ജില്ലാ സഹകരണ ബാങ്കുകൾ ഉണ്ടായിരുന്നപ്പോൾ ഉണ്ടായിരുന്ന അംഗത്വം കേരള ബാങ്ക് രൂപീകരിച്ചപ്പോൾ നിഷേധിച്ചത് പുനസ്ഥാപിക്കുക തുടങ്ങിയ നിരവധിയായ ആവശ്യങ്ങൾ ഉന്നയിച്ച് സഹകരണ സംഘം ഭരണസമിതി അംഗങ്ങളും ജീവനക്കാരും നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചു വിജയിപ്പിക്കുവാൻ സമ്മേളനം തീരുമാനിച്ചു.
ആലുവ താലൂക്കിലെ സഹകരണം സംഘം പ്രതിനിധികളുടെ യോഗം സംസ്ഥാന കോ ഓർഡിനേറ്റർ നെല്ലിമൂട് പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കോ ഓർഡിനേറ്റർ കെ.കെ. ചന്ദ്രൻ അധ്യക്ഷനായി.