കൊച്ചിയുടെ ‘സമൃദ്ധി' രുചികള്‍ : ഇനി ട്രെയിനിലും
1576486
Thursday, July 17, 2025 4:52 AM IST
ആദ്യഘട്ടം മൂന്ന് ട്രെയിനുകളില്‍
കൊച്ചി: കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്കി കൊച്ചിയുടെ ട്രേഡ് മാര്‍ക്കായി മാറിയ സമൃദ്ധി@കൊച്ചിയുടെ ഭക്ഷണം ഇനി കേരളത്തിലെ ട്രെയിനുകളിലും. മൂന്നു നേരത്തെ ഭക്ഷണത്തിന് കരാര്‍ ലഭിച്ച സമൃദ്ധി മൂന്ന് ട്രെയിനുകളിലായി ഭക്ഷണം വിതരണം ആരംഭിച്ചു. തുടക്കത്തില്‍ ലഭിക്കുന്ന ഓര്‍ഡറുകള്‍ പ്രകാരമാണ് വരുമാനം.
വൈകാതെ ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്കിംഗ് നടത്തുമ്പോള്‍ത്തന്നെ സമൃദ്ധിയുടെ ഭക്ഷണവും ബുക്ക് ചെയ്യാനുള്ള ഓണ്‍ലൈന്‍ സംവിധാനവും നിലവില്‍ വരും. നാലാം വാര്‍ഷികത്തില്‍ ഗ്രേറ്റര്‍ കൊച്ചിന് ഡിവലപ്മെന്റ് അഥോറിറ്റിയുടെ (ജിസിഡിഎ) കടവന്ത്രയിലുളള ആസ്ഥാന മന്ദിരത്തില്‍ ആദ്യ കാന്റീന് പ്രവര്‍ത്തനം ആരംഭിച്ചതിനു പിന്നാലെയാണ് സമൃദ്ധി@കൊച്ചിയുടെ പുതിയ കാല്‍വയ്പ്.
ആദ്യഘട്ടത്തില്‍ ജനശതാബ്ദി, ഇന്റര്‍സിറ്റി, പരശുറാം എന്നീ ട്രെയിനുകളിലാണ് ഭക്ഷണം നല്‍കുന്നത്. കൂടുതല്‍ ട്രെയിനുകളിൽ ഭക്ഷണവിതരണം നടത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
പാചകം നോര്‍ത്തില്‍; ഉഴുന്നുവട മുതല്‍ ബിരിയാണി വരെ
എറണാകുളം നോര്‍ത്തില്‍ പ്രവര്‍ത്തിക്കുന്ന സമൃദ്ധി@കൊച്ചിയുടെ പാചകപ്പുരയില്‍ നിന്നാണ് ട്രെയിനുകളിലേക്കുള്ള ഭക്ഷണവും തയാറാക്കുന്നത്.
വെജ് മീല്‍സ്, വെജ് ബിരിയാണി, മുട്ട ബിരിയാണി, ചിക്കന്‍ ബിരിയാണി, ഇഡ്ഡലി, ഉഴുന്നുവട, പരിപ്പുവട, പഴംപൊരി, പാല് എന്നീ വിഭവങ്ങളാണ് നിലവില്‍ സമൃദ്ധിയില്‍ നിന്നും ട്രെയിനുകളിലേക്ക് നല്‍കുന്നത്.
നിശ്ചിത സമയത്ത് ജീവനക്കാരുടെ നേതൃത്വത്തില്‍ എറണാകുളം നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ ഭക്ഷണം എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത്.
സമൃദ്ധിയിലേക്ക് എത്തിച്ചത് ആ സംഭവം
വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിലേക്ക് ഭക്ഷണവിതരണം നടത്തിവന്നിരുന്ന എറണാകുളം കടവന്ത്രയിലെ കാറ്ററിംഗ് യൂണിറ്റ് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ആരോഗ്യവിഭാഗം അടച്ചുപൂട്ടിയിരുന്നു. ഇവിടെനിന്നുള്ള ദൃശ്യങ്ങള്‍ വന്‍ തോതില്‍ പ്രചരിച്ചതോടെ ട്രെയിനുകളില്‍ വൃത്തിയുള്ള ഭക്ഷണം വിതരണം ചെയ്യണമെന്ന ആവശ്യവും ശക്തമായി.
ഇതോടെ വൃത്തിയായി ഭക്ഷണം നല്കുന്ന പുതിയ കാറ്ററിംഗ് യൂണിറ്റുകള്‍ക്കായുള്ള അന്വേഷണം ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടിക്കറ്റിംഗ് കോര്പറേഷന് (ഐആര്‍സിടിസി) ആരംഭിച്ചു.
സമൃദ്ധി@കൊച്ചിയെക്കുറിച്ച് കേട്ടറിഞ്ഞ ഐആര്‍സിടിസി ഉദ്യോഗസ്ഥ സംഘം ഇതോടെ ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലെത്തി എറണാകുളം നോര്‍ത്തിലെ സമൃദ്ധിയുടെ ഊട്ടുപുരയും അടുക്കളയും പരിശോധിച്ചിരുന്നു. പിന്നാലെയാണ് ഐആര്‍സിടിസി പട്ടികയില്‍ സമൃദ്ധി ഇടംപിടിച്ചത്.