കമ്മീഷണര്‍ ഓഫീസിലേക്കുള്ള കെഎസ്യു മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗം
1592184
Wednesday, September 17, 2025 4:23 AM IST
കൊച്ചി: പോലീസിന്റെ ഗുണ്ടായിസം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെഎസ്യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംസ്ഥാന ജനറല്‍ സെക്രട്ടറി മുബാസ് ഓടക്കാലിക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
ഇരുന്നൂറോളം വരുന്ന കെഎസ്യു പ്രവര്‍ത്തകര്‍ ഡിസിസിയില്‍ നിന്ന് പ്രകടനമായി ആരംഭിച്ച പ്രതിഷേധം കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ പോലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തു. തുടര്‍ന്ന് പോലീസ് മൂന്നു റൗണ്ട് ജലപീരങ്കി ഉപയോഗിച്ചു. പിരിഞ്ഞു പോകാത്ത പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
ജില്ലാ പ്രസിഡന്റ് കെ.എം. കൃഷ്ണലാല്‍, സംസ്ഥാന ഭാരവാഹികളായ ആന്‍ സെബാസ്റ്റ്യന്‍, മിവ ജോളി, ജില്ലാ ഭാരവാഹികളായ അമര്‍ മിഷാല്‍, മോന്‍സി കോട്ടപ്പുറം, ആഷിന് പോള്‍, അസില്‍ ജബ്ബാര്‍, സി.ബി. സഫ്വാന്, ഡേവിസ് പൈയസ് തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംസ്ഥാനത്തെ പോലീസ് പിണറായി വിജയന്റെ അടിമകളായി മാറി ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം കൊടുക്കുന്നതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. കെഎസ്യു എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എം. കൃഷ്ണലാല്‍ അധ്യക്ഷത വഹിച്ചു.