അമിതവേഗം, അപകടങ്ങൾ, മരണം... പൊറുതിമുട്ടിയ പാറപ്പുറത്തുകാർ ചെയ്തത് !
1592166
Wednesday, September 17, 2025 3:53 AM IST
ഈ മുന്നറിയിപ്പു ബോർഡ് കണ്ടാൽ ബ്രേക്ക്
കാഞ്ഞൂർ: ശ്രദ്ധിക്കുക, അശ്രദ്ധമായി അമിതവേഗത്തിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാൽ നാട്ടുകാരുടെ തല്ല് ഉറപ്പ്. ഒരു ദയയും ഉണ്ടാകില്ല. അടുത്തയിടെ നവീകരിച്ചു മികച്ച നിലവാരത്തിലേക്കുയർത്തിയൊരു റോഡിന്റെ വശങ്ങളിൽ കാഞ്ഞൂർ പാറപ്പുറം നിവാസികൾ സ്ഥാപിച്ച ബോർഡിലെ വാചകങ്ങളാണിത്. ഈ പ്രഖ്യാപനം അല്പം കടുത്തതായില്ലേ എന്നു ചോദിച്ചാൽ, വാഹനങ്ങളുടെ അമിതവേഗതയും അപകടങ്ങളും ആവർത്തിക്കുന്നതു കണ്ടു പൊറുതി മുട്ടിയതുകൊണ്ടാണിങ്ങനെയെന്നു നാട്ടുകാരുടെ മറുപടി.
ആലുവ ദേശത്തു നിന്നു ചൊവ്വര വഴി പാറപ്പുറം വല്ലംകടവ് വരെയുള്ള 14 കിലോമീറ്റർ റോഡിലാണ് അപകടങ്ങൾ തുടർക്കഥയാവുന്നത്. കഴിഞ്ഞ തിരുവോണ നാളിൽ മൂന്നു പേരുമായി അമിത വേഗത്തിലെത്തിയ ബൈക്കിടിച്ചു പാറപ്പുറം സ്വദേശി വട്ടേലി സേവ്യർ (59) മരിച്ചത് ഈ റോഡിലുണ്ടായ അപകട പരന്പരരയിൽ ഒടുവിലത്തേത്താണ്.
വല്ലംകടവ്- പാറപ്പുറം പാലം തുറന്നതിനു പിന്നാലെ റോഡിന്റെ നവീകരണവും നടന്നതോടെ ഇതുവഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയുണ്ട്. എംസി റോഡിൽ നിന്നു കൊച്ചി വിമാനത്താവളത്തിലേക്കും ദേശീയപാതയിലേക്കുമെത്താനുള്ള എളുപ്പമാർഗമായി ഈ റോഡ് ഉപയോഗിക്കുന്നവരേറെയാണ്. പെരുന്പാവൂർ ഭാഗത്തു നിന്നു വരുന്നവർ കാലടിയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ഈ റോഡ് ഉപയോഗിക്കുന്നു.
യാത്രക്കാരുടെ എണ്ണം കൂടിയപ്പോഴും അതനുസരിച്ചുള്ള അനുബന്ധ സൗകര്യങ്ങൾ ഇല്ലാത്തത് പ്രദേശവാസികൾക്കും ബുദ്ധിമുട്ടുണ്ടാക്കുകയാണ്. അമിതവേഗത്തിനെതിരെ ബോർഡ് സ്ഥാപിച്ച പാറപ്പുറത്തെ നാട്ടുകാർ ഒരുമിച്ചു പണം സമാഹരിച്ച് ആംബുലൻസും വാങ്ങിയിട്ടുണ്ട്.
ബോർഡ് സ്ഥാപിച്ചശേഷം അമിതവേഗതയിൽ പോകുന്നവർക്കു മനംമാറ്റമുണ്ടായിത്തുടങ്ങിയെന്നാണ് നാട്ടുകാർ പറയുന്നത്.
സ്പീഡ് ബ്രേക്കർ വേണം
സെബാസ്റ്റ്യൻ പോൾ, പൊതുപ്രവർത്തകൻ
ബിഎംബിസി നിലവാരത്തിൽ മികച്ച നിലവാരത്തിൽ റോഡ് നവീകരിച്ചതു യാത്രക്കാർക്കു ഗുണകരമായിട്ടുണ്ട്. എങ്കിലും പലയിടത്തും മതിയായ വീതിയില്ലാത്തതും കാൽനടയ്ക്കു സൗകര്യമില്ലാത്തതും അപകടകരമായ വവുകളും അപകടഭീഷണിയുയർത്തുന്നുണ്ട്. സ്പീഡ് ബ്രേക്കറുകളോ കാമറകളോ റോഡിലില്ല. പിഡബ്ല്യുഡി റോഡിൽ മുന്നറിയിപ്പു ബോർഡുകളും നാമമാത്രം.
നവീകരണം നടത്തിയപ്പോൾ റോഡിൽ ആകെയുള്ള വീതി അടയാളപ്പെടുത്തി വെളുത്ത വരകൾ വരച്ചിട്ടുണ്ട്. എന്നാൽ പലയിടത്തും ഈ വരകൾക്കു പുറത്തു കാടുപിടിച്ചു കിടക്കുന്ന സ്ഥിതിയാണ്. തിരക്കേറിയ ജംഗ്ഷനുകളിൽ പോലും ഫുട്പാത്ത് ഇല്ല. ഇതുവഴിയുള്ള കാൽനടക്കാർ എന്തു ചെയ്യുമെന്നു കൂടി പിഡബ്ല്യുഡി ഉദ്യോഗസ്ഥർ പറഞ്ഞുതരണം.