തെരുവുവിളക്ക് അറ്റകുറ്റപ്പണി : അടിയന്തര കൗൺസിൽ യോഗത്തിൽ പരിഹാരം
1592180
Wednesday, September 17, 2025 4:09 AM IST
കൂത്താട്ടുകുളം: നഗരസഭയിലെ തെരുവുവിളക്ക് അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട ഉയർന്നുവന്ന ആക്ഷേപങ്ങൾക്ക് പരിഹാരമായി. ഇന്നലെ കൂടിയ നഗരസഭ കൗൺസിൽ യോഗത്തിലാണ് തീരുമാനമെടുത്തത്. നഗരസഭയിൽ മുടങ്ങിക്കിടന്നിരുന്ന തെരുവുവിളക്ക് അറ്റകുറ്റപ്പണി കഴിഞ്ഞ ആഴ്ചയാണ് പുനരാരംഭിച്ചത്. യുഡിഎഫ് ഭരണസമിതിയുടെ പ്രഥമ വാഗ്ദാനമായിരുന്നു നഗരസഭയിലെ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി.
എന്നാൽ യുഡിഎഫ് കൗൺസിലർമാരുടെ വാർഡുകളിൽ മാത്രമാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത് എന്നും എൽഡിഎഫ് അംഗങ്ങളുടെ വാർഡുകളിൽ കൃത്യമായി അറ്റകുറ്റപ്പണി നടക്കുന്നില്ല എന്ന് ആരോപിച്ച് എൽഡിഎഫിന് നേതൃത്വത്തിൽ കഴിഞ്ഞദിവസം നഗരസഭ അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടന്നിരുന്നു.
സ്ട്രീറ്റ് ലൈറ്റ് മെയിന്റനൻസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഇടയിൽ ആശയക്കുഴപ്പങ്ങൾ നിലനിൽക്കെ സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി കൗൺസിലിൽ വിഷയം ചർച്ചയ്ക്ക് എടുക്കണം എന്ന് ഉദ്യോഗസ്ഥരും കൗൺസിൽ അംഗങ്ങളും ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ കൗൺസിൽ യോഗത്തിൽ വിഷയം ചർച്ചക്കെടുത്തത് എന്ന് നഗരസഭ വൈസ് ചെയർമാൻ പി.ജി. സുനിൽകുമാർ പറഞ്ഞു.
ചർച്ചയ്ക്കൊടുവിൽ നഗരസഭയുടെ 25 ഡിവിഷനുകളിലും കൃത്യമായി മെയിന്റനൻസ് വർക്കുകൾ നടത്തുന്നതിന് ഭാഗമായി 55 എൽഇഡി ബൾബുകൾ വീതം നൽകാൻ തീരുമാനം എടുത്തു. കൗൺസിൽ യോഗത്തിന്റെ തീരുമാനം അനുസരിച്ച് ഇന്നു മുതൽ വാർഡുകളിലെ മെയിന്റനൻസ് പുനരാരംഭിക്കും.