ബാറ്ററി മോഷ്ടിച്ചെന്നാരോപിച്ച് മർദനം; നിയമസഭയിൽ ഉന്നയിച്ച് എംഎൽഎ
1592592
Thursday, September 18, 2025 5:01 AM IST
മൂവാറ്റുപുഴ: ഇന്‍വെര്‍ട്ടര്‍ ബാറ്ററി മോഷ്ടിച്ചെന്നാരോപിച്ച് മൂവാറ്റുപുഴ പോലീസ് ആരക്കുഴ വള്ളിക്കട സ്വദേശിയായ അമല്‍ ആന്റണിയെ ആളുമാറി മര്‍ദിച്ച സംഭവം നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ ഉന്നയിച്ച് മാത്യു കുഴല്നാടന് എംഎല്‍എ.
എന്നാല്‍ പോലീസിന്റെ പ്രവര്‍ത്തിയെ ന്യായീകരിക്കുന്ന വാദമാണ് മുഖ്യമന്ത്രി നിയമസഭയില്‍ എംഎല്‍എയ്ക്ക് മറുപടിയായി നല്‍കിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനിടെയുണ്ടായ നിസഹകരണം മൂലമാണ് അമലിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും കടയുടമയുടെ സ്ഥിരീകരണത്തിന് ശേഷം വിട്ട് അയക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
സംഭവത്തില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും ഒരു മാസത്തില്‍ അധികം പിന്നിട്ടിട്ടും നിയമസഭയില്‍ ചോദ്യം ഉയര്‍ന്നപ്പോള്‍ മാത്രമാണ് ഉന്നത ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്കാന് പോലും തയ്യാറായത്. കാക്കി കുപ്പായം ധരിച്ച് അഴിമതിയും, അക്രമവും, ഗുണ്ടായിസവും നടത്തുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റെതെന്നും എംഎല്‍എ കുറ്റപ്പെടുത്തി.
കഴിഞ്ഞ 12നാണ് സംഭവം നടന്നത്. അമല്‍ നിരപരാധിയാണെന്ന് തെളിഞ്ഞതോടെ വീട്ടിലേക്ക് പൊയ്ക്കൊള്ളാന്‍ പോലീസ് നിര്‍ദേശിക്കുകയായിരുന്നു. പോലീസ് മര്‍ദനത്തില്‍ അമലിന്റെ മുതുകിനും കഴുത്തിനും ഗുരുതര പരിക്കേറ്റിരുന്നതാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഒരു മാസത്തിനു ശേഷവും ചികിത്സയിലാണ്.