കന്നി 20 പെരുന്നാൾ: വിളംബര ഘോഷയാത്ര നടത്തി
1592590
Thursday, September 18, 2025 4:48 AM IST
കോതമംഗലം: മാർ തോമ ചെറിയ പള്ളിയിൽ കബറടക്കിയിരിക്കുന്ന പരിശുദ്ധ എൽദോ മാർ ബസേലിയോസ് ബാവയുടെ 340-ാം ഓർമ്മ പെരുന്നാളിന് (കന്നി - 20) തുടക്കം കുറിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്ര നടത്തി. പരിശുദ്ധ ബാവ മലങ്കരയിൽ പ്രഥമ കുർബാന അർപ്പിച്ച പള്ളിവാസലിൽനിന്നും കോതമംഗലം മാർ തോമ ചെറിയ പള്ളിയിലേക്കാണ് ഘോഷയാത്ര നടത്തിയത്.
ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത ഏലിയാസ് മാർ അത്തനാസിയോസ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഹൈറേഞ്ചിലെ വിവിധ ദേവാലയങ്ങൾ സന്ദർശിച്ച ഘോഷയാത്ര അടിമാലി ടൗണിൽ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ സുനിൽ ഹാരാർപ്പണം നടത്തി സ്വീകരിച്ചു.
കോതമംഗലത്തെ വിവിധ ദേവാലയങ്ങൾ സന്ദർശിച്ച ഘോഷയാത്രക്ക് മുനിസിപ്പൽ ഓഫീസിന് മുമ്പിൽ വൈസ് ചെയർ പേഴ്സൺ സിന്ധു ഗണേശ്, സ്ഥിരം സമിതി ചെയർമാൻ നൗഷാദ്, പ്രതിപക്ഷ നേതാവ് എ ജി ജോർജ്, മറ്റ് കൗൺസിലർമാർ എന്നിവർ ചേർന്ന് സ്വീകരണം നൽകി.
തുടർന്ന് ഗാന്ധി സ്ക്വയറിൽ ഡീൻ കുര്യാക്കോസ് എം പി ടൗൺ മർച്ചന്റ് അസോസിയേഷൻ, അങ്ങാടി മർച്ചന്റ് അസോസിയേഷൻ, പള്ളി വക സ്ഥാപനങ്ങളിലെ അംഗങ്ങൾ, രാഷ്ട്രീയ സാമൂഹിക സാമുദായിക നേതാക്കൾ എന്നിവർ ചേർന്ന് തീർത്ഥാടന വിളംബര ഘോഷയാത്രയെ സ്വീകരിച്ചു.
പള്ളിയിൽ എത്തിച്ചേർന്ന ഘോഷയാത്രയെ ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത ആശിർവദിച്ചു. വിളംബര ഘോഷയാത്രയ്ക്ക് വികാരി ഫാ. ജോസ് മാത്യു തേച്ചത്തുകുടി, സഹ വികാരിമാരായ ഫാ. സാജു ജോർജ്, ഫാ. എൽദോസ് ചെങ്ങമനാട്ട്,
ഫാ. അമൽ കുഴികണ്ടത്തിൽ, ഫാ. നിയോൺ പാലോസ്, ഫാ. സിച്ചു രാജു, തന്നാണ്ട് ട്രസ്റ്റിമാരായ കെ.കെ. ജോസഫ്, എബി ചേലാട്ട്, വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.