ടേക്ക് എ ബ്രേക്ക് പദ്ധതിയിലെ നാശനഷ്ടം : നഗരസഭ ചെയർപേഴ്സൺ പോലീസിൽ പരാതി നൽകി
1592179
Wednesday, September 17, 2025 4:09 AM IST
കൂത്താട്ടുകുളം: ടേക്ക് എ ബ്രേക്ക് പദ്ധതി പ്രദേശത്ത് നാശനഷ്ടം ഉണ്ടാക്കിയ സ്വകാര്യ വ്യക്തിക്കെതിരേ നഗരസഭ പോലീസിൽ പരാതി നൽകി. എം സി റോഡിൽ കാലിക്കറ്റ് കവലയ്ക്ക് സമീപം പ്രവർത്തിച്ചുവരുന്ന ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായുള്ള ശുചിമുറികളിലെ ടാപ്പുകളും ബൾബുകളും ഊരി മാറ്റുകയും സാമൂഹിക മാധ്യമങ്ങൾ വഴി നഗരസഭയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കൂത്താട്ടുകുളം സ്വദേശി ജിബി ജോർജിനെതിരേയാണ് നഗരസഭ ചെയർപേഴ്സൺ കലാ രാജു കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുള്ളത്.
ടേക്ക് എ ബ്രേക്കിംഗ് നടത്തിപ്പിന് ആവശ്യമായ ജലലഭ്യതയും തൊഴിലാളികളുടെ സേവനവും നഗരസഭ ഉറപ്പുവരുത്തിയിട്ടുണ്ട്. രണ്ട് ദിവസങ്ങൾ കൂടുമ്പോഴാണ് നിലവിൽ ടേക്ക് എ ബ്രേക്കിലേക്ക് വെള്ളം എത്തുന്നത്. വെള്ളം ഇല്ലാത്ത ദിവസങ്ങളിൽ നഗരസഭയിൽ നിന്നും വെള്ളം എത്തിച്ച ടാങ്ക് നറക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇതിന് പുറമെ മറ്റൊരു ടാങ്ക് ആവശ്യമെങ്കിൽ പുതിയ ടാങ്ക് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
നിലവിൽ ഇവിടെ തൊഴിലെടുത്തിരുന്ന ജീവനക്കാരിയെ പറഞ്ഞുവിട്ടതായി ആക്ഷേപം നിലനിൽക്കുന്നുണ്ട്. എന്നാൽ നൂറു ദിന കർമ്മ പദ്ധതിയുടെ ഭാഗമായി തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ ജീവനക്കാരിയുടെ സേവനം പൂർത്തിയായതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ആളെ നിയമിച്ചിട്ടുള്ളതെന്നും നഗരസഭ അധികൃതർ അറിയിച്ചു.
ടേക്ക് എ ബ്രേക്കിൽ വെള്ളം ഇല്ലാത്തതിനാൽ ശുചിമുറികൾ വൃത്തിഹീനമായ നിലയിൽ ആണെന്നും ശുചിമുറികൾക്കുള്ളിൽ ടാപ്പുകളും ബൾബുകളും ഇല്ല എന്നും കാണിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ സ്വകാര്യ വ്യക്തി വീഡിയോ പ്രചരിപ്പിച്ചിരുന്നു. ഇതേ തുടർന്ന് എൽഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും ടേക്ക് എ ബ്രേക്കിന് മുന്നിൽ സമരം നടത്തുകയും ചെയ്തിരുന്നു. സമരം നടന്നതിനെ തുടർന്നാണ് നഗരസഭ അധികൃതർ ടേക്ക് എ ബ്രേക്ക് സന്ദർശിച്ചത്.