നഗരത്തിൽ യുവാക്കളെ കത്തിമുനയിൽ നിർത്തി കവർച്ച; പ്രതികൾ ഒളിവിൽ
1592566
Thursday, September 18, 2025 4:21 AM IST
കൊച്ചി: നഗരത്തിൽ യുവാക്കളെ കത്തിമുനയിൽ നിർത്തി മർദിച്ച് പണംതട്ടിയതായി പരാതി. ഇന്നലെ പുലർച്ചെ 2.15 ഓടെ എറണാകുളം നോർത്ത് മേൽപ്പാലത്തിനു സമീപമായിരുന്നു സംഭവം. പത്തനംതിട്ട മെഴുവേലി സ്വദേശിയായ 33കാരനും, സുഹൃത്തും എറണാകുളം സ്വദേശിയുമായ 25 കാരനുമാണ് മർദനമേറ്റത്. സംഭവത്തിൽ മൂന്നുപേർക്കായി എറണാകുളം നോർത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
മർദനമേറ്റ പത്തനംതിട്ട സ്വദേശി രാവിലെ പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. നോർത്ത് മേൽപ്പാലത്തിലൂടെ നടന്നുപോകുകയായിരുന്നു യുവാക്കളെ ബൈക്കിലെത്തിയ പ്രതികൾ തടഞ്ഞുനിർത്തി. തുടർന്ന് 33കാരനെ മാത്രം മേൽപ്പാലത്തിന് മുകളിലേക്ക് കൂട്ടിക്കോണ്ടുപോയി. ഇവിടെവച്ച് മർദിച്ചു.
തുടർന്ന് 25കാരനെ സൗത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്ത് എത്തിച്ച് കത്തികാട്ടി പണം തട്ടിയെടുക്കുകയായിരുന്നു. 9,500 രൂപയും കൈയിലുണ്ടായിരുന്ന സ്മാർട്ട് ഫോണുമാണ് തട്ടിയെടുത്ത്. തുടർന്ന് പ്രതികൾ കടന്നുകളഞ്ഞു.