മഴ: കച്ചേരിത്താഴത്തെ ഗര്‍ത്തം മൂടുന്നത് വൈകുന്നു
1592591
Thursday, September 18, 2025 5:01 AM IST
മൂവാറ്റുപുഴ: കച്ചേരിത്താഴത്തെ ഗര്‍ത്തം മൂടുന്നത് അവസാന ഘട്ടത്തിലെത്തിലെത്തിയപ്പോഴേയ്ക്കും മഴ പെയ്തതോടെ നിര്‍ത്തിവച്ചു. കഴിഞ്ഞ മാസം 11ന് സ്കൂള്‍ ബസിന്റെ ചക്രം കുഴിയില്‍ വീണതോടെയാണു വലിയ പാലത്തിനു സമീപം കുഴി രൂപപ്പെട്ടത്. ചെറുതായി രൂപപ്പെട്ട കുഴി പിന്നീട് വലിയ ഗര്‍ത്തമായി മാറുകയായിരുന്നു.
കുഴിയുടെ കാരണവും പരിഹാരവും കണ്ടെത്താന്‍ നടത്തിയ പഠനങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകിയതും എല്ലാം ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളെ അടച്ചു പൂട്ടലിന്റെ വക്കിലെത്തിച്ചു. കഴിഞ്ഞ ദിവസം മാത്യു കുഴല്നാടന് എംഎല്‍എ പങ്കെടുത്ത കിഫ്ബി യോഗത്തിലാണ് കുഴി മൂടാന്‍ അനുമതി നല്‍കിയത്.
ഇതോടെ ശനിയാഴ്ച്ച മുതല്‍ കരിങ്കല്ല് നിറച്ച് ഇതിനു മുകളില്‍ മെറ്റലും അതിനു മുകളില്‍ ജിഎസ്ബി മിശ്രിതവും ചേര്‍ത്ത് അഞ്ച് അടിയോളം കുഴി മൂടി. ഈ ആഴ്ചയില്‍ തന്നെ കുഴി പൂര്‍ണമായി മൂടാന്‍ കഴിയുമെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച രാത്രി മഴ പെയ്തതോടെ ഇന്നലെ നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.
നഗര റോഡ് വികസനത്തിന്റെ ഭാഗമായുള്ള റോഡ് ടാറിംഗ് കുഴി മൂലം പാലത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. കുഴി പൂര്‍ണമായി മൂടുന്നതോടെ പാലം വരെയുള്ള ടാറിംഗ് പൂര്‍ത്തിയാകും. പാലത്തിലെ കുഴികള്‍ അടച്ചുള്ള പാലം ടാറിംഗും ഉടനെ തന്നെ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇതിനു ശേഷമായിരിക്കും നഗര റോഡ് വികസനത്തിന്റെ അന്തിമ ഘട്ടം ആരംഭിക്കുകയുള്ളു. നഗരത്തിലെ റോഡ് പൂര്‍ണമായും തുറന്നുകൊടുത്തെങ്കിലും കച്ചേരിത്താഴത്ത് കുഴി മൂടാത്തതിനാല്‍ ഇവിടെ ഗതാഗതകുരുക്ക് രൂക്ഷമാണ്.