പെരിയാർവാലി കനാലുകൾ ശുചീകരിക്കണമെന്ന്
1592167
Wednesday, September 17, 2025 3:53 AM IST
കിഴക്കമ്പലം : കടുത്ത വേനൽ ആകും മുമ്പ് പെരിയാർ വാലി കനാലുകൾ ശുചീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജില്ലയുടെ കിഴക്കൻ മേഖലയിൽ ഉൾപ്പെടെ കുടിവെള്ളക്ഷാമത്തിനും കൃഷിക്കും വെള്ളം ലഭിക്കുന്നത് പെരിയാർ വാലി കനാലുകളെ ആശ്രയിച്ചാണ്.
പെരുമ്പാവൂർ മണ്ഡലത്തിലും കിഴക്കമ്പലം, പട്ടിമറ്റം, വടവുകോട് പുത്തൻകുരിശ് , മഴുവന്നൂർ ,ഐക്കരനാട് , കുന്നത്തുനാട് മേഖലയിലെല്ലാം കുടിവെള്ള ക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരം ഉണ്ടാകുന്നതും പെരിയാർ വാലി കനാൽ തുറന്ന് വിടുമ്പോഴാണ്.
കൂടാതെ പഞ്ചായത്തുകളിലെ പല കുടിവെള്ള പദ്ധതികളും പെരിയാർ വാലിയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. മഴക്കാലത്ത് പെരിയാർ വാലി കനാലുകളിൽ വെള്ളം തുറന്ന് വിടാത്തതിനാൽ കനാലിന്റെ ഇരു വശങ്ങളും കാട് കയറി മാലിന്യങ്ങൾ നിറഞ്ഞ് കിടക്കുകയാണ്.
അതിനാൽ വേനൽ കടുക്കുന്നതിന് മുമ്പ് കനാൽ ശുചീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പല സ്ഥലങ്ങളിലും പദ്ധതികൾ പ്രഖാപിക്കാനോ നടപ്പിലാക്കാനോ കഴിയാത്തതിനാൽ കനാൽ ശുചീകരണം നീണ്ടു പോയേക്കും.
ഇതോടെ പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകും. അതിനാൽ ഉടൻ തന്നെ പെരിയാർ വാലി കനാൽ ശുചീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.