വിധവയുടെ വീടിനു പൂട്ടിട്ട് സ്വകാര്യ പണമിടപാട് സ്ഥാപനം ജീവനക്കാർ
1592572
Thursday, September 18, 2025 4:32 AM IST
രക്ഷയ്ക്കെത്തി കൗൺസിലർ
പള്ളുരുത്തി: പള്ളുരുത്തി പെരുമ്പടപ്പ് കോണത്ത് വിധവയായ വീട്ടമ്മയുടെ വീട് കുത്തിത്തുറന്നശേഷം വേറെ താഴുകളിട്ട് പൂട്ടി സ്വകാര്യ പണമിടപാട് സ്ഥാപനം. എറണാകുളത്ത് പ്രവർത്തിക്കുന്ന ആധാർ ഹൗസിംഗ് ഫിനാൻസ് കമ്പനിയാണ് വായ്പാ കുടിശിഖയുടെ പേരു പറഞ്ഞ് വീട്ടുകാരില്ലാത്ത സമയം വീടുപൂട്ടി സ്ഥലംവിട്ടത്.
പള്ളുരുത്തി കോണം സ്വദേശിനിയായ നാലുകണ്ടത്തിൽ സജിത 2017ൽ സ്ഥാപനത്തിൽ പത്ത് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. പിന്നീട് 13 ലക്ഷത്തി എൺപതിനായിരം രൂപയോളം തിരിച്ചടച്ചു. ഇതിനിടെ ഏതാനും മാസങ്ങളായി വായ്പ മുടങ്ങിയതിനെ തുടർന്നാണ് മുന്നറിയിപ്പില്ലാതെ സ്ഥാപനത്തിന്റെ ആളുകൾ എത്തി വീടിന്റെ വാതിൽ കുത്തിത്തുറന്ന് വേറെ താഴുകൾ പിടിപ്പിച്ച് വീട് പൂട്ടിയത്. ഇതിനിടെ അയൽവീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വീട്ടുടമ എത്തിയെങ്കിലും വീട് തുറന്നു നൽകാൻ പണമിടപാട് സ്ഥാപനം തയാറായില്ല.
ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടി തലയുമായി ബന്ധപ്പെട്ട അസുഖത്തിന് സ്ഥിരമായി കഴിക്കുന്ന മരുന്ന് പോലും കൊടുക്കാൻ പണമിടപാട് സ്ഥാപനം സമ്മതിച്ചില്ലെന്ന് വീട്ടുകാർ പറയുന്നു. കുട്ടികളുടെ പഠനോപകരണങ്ങളും ഭക്ഷണവും ഉൾപ്പെടെ എടുക്കാൻ കഴിഞ്ഞില്ല. പെട്ടിക്കട നടത്തുകയാണ് സജിത.
ഭർത്താവ് ഉപേക്ഷിച്ചു പോയ ഇവരുടെ മകളും വിദ്യാർഥികളായ കുട്ടികളുമാണ് വീട്ടിൽ താമസം. സംഭവം നടക്കുമ്പോൾ വീട്ടിൽ താമസിച്ചിരുന്ന വാടകക്കാരും സ്ഥലത്തുണ്ടായിരുന്നില്ല. ഇനി 13 ലക്ഷം രൂപ കൂടി അടയ്ക്കണമെന്നാണ് പണമിടപാട് സ്ഥാപനം വീട്ടുകാർക്ക് നല്കിയിരിക്കുന്ന നിർദേശം.
ഇതിനിടെ സംഭവമറിഞ്ഞെത്തിയ കൗൺസിലർ അഭിലാഷ് തോപ്പിലും കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് വീട് പൂട്ടിയിരുന്ന താഴെയും മുകളിലുമുള്ള നാല് താഴുകളും പൊളിച്ചുനീക്കി വീട്ടുകാരെ അകത്തു കയറ്റി.
സംഭവമറിഞ്ഞ് പള്ളുരുത്തി പോലീസും സ്ഥലത്തെത്തിയിരുന്നു. ഡിസിസി സെക്രട്ടറി എൻ.ആർ.ശ്രീകുമാർ, വി.എഫ്.ഏണസ്റ്റ്, എം.എ.ജോസി, കെ.എ.അഫ്സൽ എന്നിവരും ഉണ്ടായിരുന്നു.